ഏഴക്കരനാട് ● ജീവിതത്തിലെ കഷ്ടതകളെയും പരാജയങ്ങളെയും അതിജീവിക്കാൻ ഉറച്ച വിശ്വാസവും പ്രത്യാശയും അനിവാര്യമാണെന്ന്
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നൽകിയ അനുഗ്രഹപ്രഭാഷണത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്.
വിശ്വാസത്തിന് ക്ഷതം സംഭവിക്കുമ്പോഴാണ് മനുഷ്യനിൽ പ്രത്യാശ നഷ്ടപ്പെടുന്നതെന്നും അത് നിരാശയിലേക്ക് നയിക്കുമെന്നും ബാവ ഓർമ്മിപ്പിച്ചു. തിന്മ അധികരിക്കുന്ന സമൂഹത്തിൽ നന്മയുടെയും നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിൽക്കാൻ ഓരോ വിശ്വാസിക്കും കഴിയണം. കുടുംബജീവിതത്തിന്റെ മൂല്യങ്ങൾ സംരക്ഷിച്ചും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ദൈവരാജ്യത്തിന്റെ തത്വങ്ങൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെന്നും ബാവ കൂട്ടിച്ചേർത്തു.
വിശുദ്ധ ഗീവർഗീസ് സഹദായെപ്പോലെ വിശ്വാസ വഴിയിൽ സഞ്ചരിക്കുവാൻ സാധിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ വിശ്വാസത്തിന്റെ പാതയിൽ മുന്നേറുക മാത്രമാണ് മാർഗമെന്നും നമ്മുടെ ആവശ്യങ്ങൾ നമ്മെക്കാൾ മുമ്പേ മനസ്സിലാക്കുന്നവരാണ് വിശുദ്ധന്മാരെന്നും ബാവ പറഞ്ഞു. കർത്താവിന്റെ കൽപ്പനകൾ അനുസരിച്ചും വിശ്വാസത്തിൽ സ്ഥിരപ്പെട്ടും മുന്നോട്ടു പോകാൻ ഈ പെരുന്നാൾ പ്രചോദനമാകണമെന്നും ബാവ ആശംസിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് നടന്ന രാജോചിത സ്വീകരണത്തിലും വിശുദ്ധ കുർബ്ബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകളിൽ മുഖ്യ കാർമികത്വം വഹിക്കുവാൻ എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് ഇടവക വിശ്വാസികൾ ഒരുക്കിയത്. ഏഴക്കരനാട് കവലയിൽ നിന്ന് വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ബാവയെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് പള്ളിയിൽ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
സി.ബി.എസ്.ഇ പരീക്ഷയിൽ 500 ൽ 499 മാർക്ക് നേടിയ മാമ്മലയിൽ ബേസിൽ എബിൻ മർക്കോസിനെയും നാഷണൽ മെറിറ്റ് സ്കോളർഷിപ്പ് നേടിയ മാവേലിൽ അലൻ എം. മാത്യൂസിനെയും ചടങ്ങിൽ അനുമോദിച്ചു. യൂത്ത് അസ്സോസിയേഷൻ നടപ്പിലാക്കുന്ന ‘നിറവ്’ ധനസഹായ പദ്ധതിയുടെ ലോഗോ പ്രകാശനവും മിഖായേൽ ഫ്രണ്ട്സ് നൽകുന്ന സഹായധന വിതരണവും ബാവ നിർവഹിച്ചു.
അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ., മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, വികാരി ഫാ. ജേക്കബ് കൂളിയാട്ട്, അസ്സോസിയേഷൻ പ്രസിഡന്റ് ഷെവ. എം.ജെ. മർക്കോസ് മാമ്മലയിൽ, സെക്രട്ടറി എൻ.ടി. കുര്യാക്കോസ്, ട്രഷറർ അജി പോൾ, ജനറൽ കൺവീനർ ടി.എ. റോയ് എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.







