മൂവാറ്റുപുഴ ● കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ദൈവാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപശിഖ പ്രയാണം മെയ് 1-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ആരംഭിച്ചു. വിവിധ പള്ളികളിലെ സ്വീകരണത്തിന് ശേഷം ദീപശിഖ പള്ളിയിൽ എത്തിച്ചേർന്നു. മെയ് 2 മുതൽ 5 വരെ വൈകിട്ട് സന്ധ്യാപ്രാർത്ഥനയും സുവിശേഷ മഹായോഗങ്ങളും ഗാനശുശ്രൂഷയും നടന്നു. ഫാ. അന്ത്രയോസ് കോനംപാട്ടിൽ, ഫാ. അഭിലാഷ് കോട്ടയം, ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജിനു പള്ളിപ്പാട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണം നിർവഹിച്ചു.
പെരുന്നാൾ ദിവസമായ മെയ് 6 ബുധൻ
രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6.45-ന് സന്ധ്യാ പ്രാർത്ഥനയും വന്ദ്യ കൗമാ റമ്പാച്ചന്റെ നേതൃത്വത്തിൽ പ്രസംഗവും നടക്കും. തുടർന്ന് 8-ന് പ്രദക്ഷിണവും ആശീർവാദവും 9-ന് നേർച്ചസദ്യയും ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസമായ മെയ് 7 വ്യാഴം രാവിലെ 7.45-ന് പ്രഭാത പ്രാർത്ഥന, 8.30-ന് നടക്കുന്ന വിശുദ്ധ അഞ്ചിൻമേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം,10.30-ന് എൻഡോവ്മെന്റ് വിതരണം, 11-ന് പ്രദക്ഷിണം, ആശിർവാദം, 12-ന് നേർച്ചസദ്യ, ലേലം എന്നിവ നടക്കും.1.30-ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി വികാരി ഫാ. പോൾ തോമസ് ആയത്തുകുടി, ട്രസ്റ്റിമാരായ സജി പി. ഏലിയാസ് പുത്തയത്ത്, ബേസിൽ കെ. ജേക്കബ് കീപ്പനശ്ശേരിൽ, സെക്രട്ടറി എ.വി പൗലോസ് എടക്കുടി എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
