- അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
മഹിതാചാര്യന്മാർ ദൈവത്തിൽ വസിക്കുന്നു, അവർ ദൈവത്തെ തിരിച്ചറിയുന്നു. അവർ ദൈവത്തെ അറിയുന്നു. ദൈവത്തോടു ചേർന്നിരിക്കുന്നു. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നു. ദൈവത്തിലേക്കുള്ള വഴി കാണിക്കുന്നു. ഇതുപോലെ, തന്റെ ജനത്തെ ദൈവവുമായി ബന്ധിപ്പിച്ച പുണ്യശ്രേഷ്ഠനാണ് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. രോഗാതുരമായ സമൂഹത്തിൽ പ്രത്യാശയുടെ ശരത് കാലലതപോലെ അദ്ദേഹം ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.
ദൈവത്തിന്റെ മന്ദിരത്തിലേക്കുള്ള തീർഥാടകർക്കു സന്യാസിമാർ ഗോവണിയാണെന്നു പറയാറുണ്ട്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവയുഗശിൽപിയെന്നു സർവരാലും ഘോഷിക്കപ്പെടുന്ന ശ്രേഷ്ഠാചാര്യൻ സഭയെ വിണ്ണിലേക്കടുപ്പിച്ച വിശിഷ്ട ഗോവണിയാണ്. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും അർഹതപ്പെട്ടതു നേടിയെടുക്കാൻ വിട്ടുവീഴ്ച മനോഭാവം തടസമല്ലെന്നും ആ ജീവിതം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുകയാണ്. ബാവ നൽകിയ മാതൃകയും ഉപദേശവും സമൂഹത്തിനു എന്നും കരുത്താർന്ന സ്നേഹസ്പർശമായി തുടരുന്നു. അദ്ദേഹത്തിന്റെ മാറിടത്തിലെ പുൽത്തൊട്ടിയിൽ ശയിച്ചുവളർന്ന ശിശുവാണ് ആധുനിക യാക്കോബായ സഭ. ആ മാറിടത്തിൽ കിടന്നു സൗമ്യനായ ശിശു തന്റെ സങ്കടങ്ങളെ ആനന്ദമായും തിന്മകളെ നന്മയായും, ഏകാന്തതയെ പ്രസന്നതയായും അനുഭവിച്ചിരുന്നു. ദയയുടെ വസ്ത്രങ്ങൾ പുതച്ച ആ സ്നേഹം അനുഭവിച്ചില്ലാത്തവർ ആരുമില്ല. മുഖ്യമന്ത്രി പിണറായി വിജയനും കടുംബത്തിനും ഏറ്റവും പ്രിയപ്പെട്ടതായിരുന്നുവല്ലോ ആ സാന്നിധ്യവും സംഭാഷണവും!
- സ്നേഹലാവണ്യം
സ്നേഹമായിരുന്നു ആ ജീവിതം. ലാവണ്യമായിരുന്നു സ്വഭാവം. ആ ഹൃദയം കാരുണ്യത്താൽ നിറഞ്ഞിരുന്നു. മറ്റുള്ളവരുടെ തെറ്റുകളിലേക്കു നോക്കിയില്ല. തിന്മയ്ക്കുപകരം നന്മ ചെയ്തു, തന്നെ ശപിക്കുന്നവരെ അനുഗ്രഹിച്ചു.
ബാവായുടെ ഹൃദയം സ്നേഹത്തിന്റെ ജ്വാല യാണ്, മുഴുവൻ സത്തയും തൻ്റെ സഭയ്ക്കും മനുഷ്യരാശിയുടെ ഉന്നമനത്തിനുമായി നൽകി. സ്വയം പൂർണമായും മറന്നു മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു. പള്ളിമണികൾ പ്രസന്നമായ ശബ്ദത്തോടെ സ്തുതികൾ ആലപിക്കുന്നതുപോലെ, ലോകത്തെ മുഴുവൻ സ്വന്തം ആത്മാവിന്റെ പ്രക്ഷേപണമായി ബാവ കരുതി.
ദൈവസന്നിധിയിൽ നിൽക്കാൻ ഏറ്റവും അത്യന്താപേക്ഷമാണു ജീവിതവിശുദ്ധി. ഹൃദയശുദ്ധിയില്ലാതെ ദൈവദർശനം ലഭിക്കുകയില്ലെന്നാണു വിശുദ്ധ മത്തായി സുവിശേഷകൻ പറയുന്നത്. വിശുദ്ധമായ കാര്യങ്ങൾ വിശുദ്ധിയോടെ ചെയ്യുമ്പോഴാണു ജീവിതത്തിനു അർഥം ലഭിക്കുന്നത്. സ്നേഹമാണ് ഏറ്റവും വലിയ പുണ്യമെങ്കിൽ സ്നേഹത്തോടുള്ള സമീപനങ്ങളെല്ലാം ശ്രേഷ്ഠ ബാവയിൽ ചേർന്നിരിക്കുന്നു.
- മധുരജലം നിറഞ്ഞ തടാകം
യുവാക്കൾക്കിടയിലെ യുവാവാണ് ബാവ. വൃദ്ധർക്കിടയിലെ വൃദ്ധനാണ്. ധീരന്മാർക്കിടയി ലെ ധീരനാണ്, കുട്ടികൾക്കിടയിലെ കുട്ടിയുമാ ണ്. ദുരിതമനുഭവിക്കുന്നവരുടെ വേദനയും ക ഷ്ടപ്പാടും അദ്ദേഹം സ്വയം അനുഭവിച്ചിരുന്നു. ഏതു സാഹചര്യത്തിലും ദാഹിക്കുന്നവനു മധു രജലം നിറഞ്ഞ തടാകമായിരുന്നു ബാവ.
ആ ജീവിതം ലളിതവും ആകർഷകവുമായിരുന്നു. അതിൽ കൃപ നിറഞ്ഞിരുന്നു. അതു രീതിശാസ്ത്രപരമായിരുന്നു. ഒരു കർമയോഗി എപ്പോഴും സന്തോഷവാനാണ്. ദുരിതത്തിന്റെ ഒരു പരീക്ഷണവും അയാൾ അനുഭവിക്കുന്നില്ല. ബാവ നിർഭയനായിരുന്നു. ദൈവത്തിനല്ലാതെ, ഒരു ശക്തിക്കും ആ ജീവിതത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനായില്ല. സഭയുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്രമമില്ലാതെ ഓടി പ്രതികൂല സാഹചര്യങ്ങളെ ആത്മസമർപണത്തോടും ധൈര്യത്തോടെയും നേരിടാൻ അദ്ദേഹത്തിനു സാധിച്ചു. തന്റെ ജനത്തിന്റെ നന്മയ്ക്കുവേണ്ടി നിരന്തരമായ പീഡനങ്ങൾക്കു വിധേയനായ ബാവയുടെ ത്യാഗജീവിതം ക്രിസ്താനുകരണത്തിന്റെ ഉത്തമമായ മാതൃകയാണ്.
- നിശബ്ദ യാത്ര
ബാവയുടെ ജീവിതം എപ്പോഴും നിശബ്ദതയുടെയും അന്തർലീനമായ നിശ്ചലതയുടെയും ഏകാന്തതയുടെയും അകൽച്ചയുടെയും യാത്രയാണ്. ലോകത്തിലെ മാറ്റങ്ങളാൽ അദ്ദേഹം സ്പർശിക്കപ്പെട്ടില്ല. ഒരു ബാഹ്യസംഭവത്തിനും ആ സന്തുലിതാവസ്ഥ തെറ്റിക്കാനായില്ല. മനസ് സ്വന്തം ആത്മാവിൽ അല്ലെങ്കിൽ പരമസന്നിധിയിൽ കേന്ദ്രീകരിച്ചിരുന്നു.
ആചാര്യൻ പ്രതിഭയാകണമെന്നില്ല. അയാൾ ഒരു വാഗ്മിയോ പ്രഭാഷകനോ ആകണമെന്നില്ല. പക്ഷേ, അദ്ദേഹം ശാന്തനും നിശബ്ദനുമായിരിക്കും. തന്റെ പ്രാർത്ഥനയും നിശബ്ദതയുമാണു ബാവയെ മികച്ച വാഗ്മിയാക്കിയത്. അദ്ദേഹത്തിനു സമത്വവും സന്തുലിത മനസുമുണ്ടായിരുന്നു. ദിവ്യജ്ഞാനവും അവബോധജന്യമായ അറിവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിരുന്നു. എല്ലാ ഋഷിവര്യരിലും ജ്ഞാനം ഒരുപോലെയാണ്. നാലാം ക്ലാസുകാരനെന്നു പറയുമെങ്കിലും വിശാല ജ്ഞാനസമുദ്രത്തിലൂടെ പ്രയാണം ചെയ്ത പുണ്യാത്മായിരുന്നു ശ്രേഷ്ഠ ബാവ.
- ജീവിതസമുദ്രത്തിലെ കപ്പൽ
ആത്മീയ അവസരം എന്നത് അപൂർവമായ ഒരു പദവിയാണ്. ബാവായുടെ മഹത്വം അളക്കാൻ ലൗകിക അളവുകോൽ മതിയാകില്ല. അദ്ദേഹവുമായുള്ള ഒരു നിമിഷത്തെ സഹവാസം മതി ജീവിതസമുദ്രം കടക്കാനുള്ള ഒരു കപ്പൽ നിർമ്മിക്കാൻ!
ദൈവം മഹാനായ ശുദ്ധീകരണക്കാരനാണ്.
ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവായും നമുക്കിടയിൽ ശുദ്ധീകരണക്കാരൻ ആയിരുന്നു. ദൈവം ശ്രേഷ്ഠാചാര്യന്മാരെ ജനിപ്പിക്കുന്നത് അവരുടെ ആവശ്യം ഏറ്റവും അനുഭവപ്പെടുമ്പോഴത്രേ.
വിശുദ്ധരുടെ ജീവിതങ്ങൾ പഠിക്കൂ, നമ്മൾ ഉടനടി പ്രചോദിതരാകുന്നു. അവരുടെ വാക്കു കൾ ഓർമ്മിക്കുക. നമ്മൾ ഉടനടി ഉയർത്തപ്പെടുന്നു. അവരുടെ കാൽച്ചുവടുകളിൽ നടക്കുക. നമ്മൾ വേദനയിൽനിന്നും ദുഃഖത്തിൽ നിന്നും മുക്തരാകുന്നു.
- ഭാഗ്യസ്മരണാർഹൻ
വിശുദ്ധിയിലേക്കുള്ള മാർഗങ്ങൾ കണ്ടെത്തുന്ന യാത്രകളിൽ നമ്മെ സഹായിക്കാനാണു ദൈവം തന്റെ പുരോഹിതരെ അയക്കുന്നത്. കൂട്ടിൽ നിന്നു പുറത്തുവന്ന സിംഹത്തെപ്പോലെയാണവർ. ലൗകിക മനുഷ്യർ കരുതുന്നപോലെ ഒരു ജ്ഞാനി സ്വാർത്ഥനായ മനുഷ്യനല്ല.
അദ്ദേഹത്തിന്റെ ആത്മീയ സ്പന്ദനങ്ങൾ ലോകത്തെ ശുദ്ധീകരിക്കുന്നു. സ്നേഹം കൊണ്ടു ലോകം ജയിച്ച ബാവായുടെ ജീവിതംതന്നെ മാതൃകാപരവും ഉന്നതി നൽകുന്നതുമാണ്. ആത്മീയ പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം മറ്റുള്ളവർക്കു പ്രത്യാശയും പ്രോത്സാഹനവും നൽകുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ സഭയെന യിച്ച കർമയോഗിയെന്ന നിലയിൽ സഭാചരിത്ര ത്തിൽ എക്കാലവും ബാവായുടെ നാമം സ്മരിക്കപ്പെടും.
എല്ലാവരിലും ദൈവസാന്നിധ്യം ബാവ കണ്ടു. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിച്ചു, നല്ലപോർ പൊരുതി ഓട്ടം തികച്ച്, വാനമേഘങ്ങളിൽ നാഥനെ സ്വീകരിക്കാൻ പോയിരിക്കുന്നു.
സ്നേഹത്തിന്റെ അവതാരവും കാരുണ്യത്തിന്റെ മുഖവും വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തവും വിനയത്തിൻ്റെ നിറകുടവുമായിരുന്നു ശ്രേഷ്ഠ ബാവ. ഇനി സ്വർഗീയത്രോണോസിൽ തന്റെ മക്കൾക്കും ലോകം മുഴുവനുംവേണ്ടി വിശുദ്ധ ബലിയർപ്പിച്ച്, തുടർന്നും ദൈവത്തിന്റെ അനുഗ്രഹവും കൃപകളും നമുക്കു ചൊരിയാൻ ഭാഗ്യകരമായ ഈ ഓർമ മുഖാന്തിരമായിത്തീരട്ടെയെന്നു പ്രാർഥിക്കുന്നു.
