പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ മലങ്കരയുടെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ സമുചിതമായി ഇന്നാചരിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും, അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്തായുടേയും, അഭി. മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്തായുടേയും സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബ്ബാനയും, തുടര്‍ന്ന് അനുസ്മരണവും നടത്തപ്പെട്ടു.
ശ്രേഷ്ഠ ബാവാ ചരിത്ര പുരുഷനാണ്, സഹനത്തിന്റെയും സ്നേഹത്തിന്റേയും മാതൃകയാണ്, മരണത്തെ പ്രത്യാശയോടെ സ്വീകരിച്ച മഹാ പുരുഷനാണ്. ബാവാ ഇന്ന് അദൃശ്യമാണെങ്കിലും ബാവായുടെ കരുതലും സ്നേഹോഷ്മളതയും ഇന്നും ഒരു കുറവുമില്ലാതെ സഭ അനുഭവിക്കുന്നു. കാലം ചെയ്ത ബാവ ജീവിച്ചിരുന്ന ബാവായേക്കാള് കൂടുതല്‍ ശക്തനാണ്. സൂര്യന് എത്ര അകലെ ഉദിച്ചാലും പൂക്കള്‍ വിടരാതിരിക്കില്ല. ശ്രേഷ്ഠ ബാവാ സൂര്യനെപ്പോലെ തേജസ്സോടെ നമുക്കായി മദ്ധ്യസ്ഥത യാചിക്കുന്നു എന്ന് അനുസ്മരണ സന്ദേശത്തില്‍ അഭി. മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്ത പറഞ്ഞു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ആഗ്രഹ പ്രകാരം ബാവായുടെ സമ്പാദ്യത്തില്‍ നീക്കിയിരിപ്പുള്ള തുക 2017-ന് ശേഷം താല്ക്കാലീകമായി പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി 11 പള്ളികള്‍ക്ക് ബാവായുടെ 40-ാം അടിയന്തിരത്തോടനുബന്ധിച്ച് ഒരു ലക്ഷം രൂപാ വച്ച് നല്കുകയുണ്ടായി. ബാക്കി 41 പള്ളികള്‍ക്ക് 2025 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ സ്മരണാര്‍ത്ഥം ശ്രേഷ്ഠ ബാവായുടെ നാമധേയം നല്കി ആരംഭിക്കുവാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പെരുന്നാള്‍ ദിനം ആരംഭിച്ചു. ശ്രേഷ്ഠ ബാവാ ഉപയോഗിച്ചിരുന്ന അംശവസ്ത്രങ്ങള്‍, വിശിഷ്ട വസ്തുക്കള്‍, പരി. അന്ത്യോഖ്യ സിംഹാസനത്തില്‍ നിന്നും ശ്രേഷ്ഠ ബാവായ്ക്ക് ലഭിച്ച തിരുശേഷിപ്പുകള്‍, തൈലങ്ങള്‍, ശ്രേഷ്ഠ ബാവാ തിരുമനസ്സിന് ലഭിച്ച പുരസ്ക്കാരങ്ങള്‍, ബാവാ ഉപയോഗിച്ചിരുന്ന അമൂല്യ ഗ്രന്ഥങ്ങള്‍, ബാവാ ഉപയോഗിച്ചിരുന്ന കാര്‍ എന്നിവയുള്‍പ്പെടെ വരും തലമുറയ്ക്ക് ഓര്‍മ്മിക്കുവാനും പഠിക്കുവാനും ഉതകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച കണ്വെന്ഷന് സെന്ററിന്റെ ശേഷിക്കുന്നതായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 3 കോടി രൂപാ ചെലവില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി ശ്രേഷ്ഠ ബാവായുടെ രണ്ടാം ദു:ഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് പൂര്‍ത്തീകരിക്കും. ഇതിനായി വ്യക്തികളില്‍ നിന്ന് സംഭാവന സമാഹരിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ വച്ച് പരത്തുവയലില്‍ ഷെവ. പി. ജേക്കബില്‍ നിന്ന് 1 ലക്ഷം രൂപാ സ്വീകരിച്ച് നിര്‍വ്വഹിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവാ തിരുമനസ്സിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് പരി. സഭ ക്രമീകരിച്ചിട്ടുള്ള ഈ വര്‍ഷത്തെ (2025) ബസ്സേലിയോസ് തോമസ് പ്രഥമൻ എക്സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു.
അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ ജസ്റ്റിസ് കെ.ടി, തോമസ്, ഡോ. സിറിയക് തോമസ് (മുന്‍ വൈസ് ചാന്സ്ലര്), ഐ.ടി. മേഖലയിലെ പ്രമുഖനായ ശ്രീ. വി. കെ. മാത്യൂസ് ഐ.ബി.എസ് ഗ്രൂപ്പ് എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയുടെ ശുപാര്‍ശ പ്രകാരം പ്രസ്തുത അവാര്‍ഡ് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവായ്ക്ക് നല്‍കുമെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ പ്രഖ്യപിച്ചു. 2025 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് ആയത് നല്‍കുന്നതാണ്.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സുറിയാനി യൂത്ത് അസ്സോസിയേഷന് യുവജന മാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ഇന്ന് വി. കുര്‍ബ്ബാനനന്തരം ശ്രേഷ്ഠ ബാവാ തിരുമനസ്സ് കൊണ്ട് കൊടി ഉയര്‍ത്തി നിര്‍വ്വഹിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ദു:ഖ്റോനോയോടനുബന്ധിച്ച് അഖില മലങ്കര യൂത്ത് അസ്സോസിയേഷന് ബാവാ പഠിച്ചതായ വടയമ്പാടി ഗവണ്മെന്റ് എല്‍. പി. സ്കൂളിലെ കുട്ടികള്‍ക്ക് ഇന്ന് ഉച്ചഭക്ഷണം നല്കി. കൂടാതെ ശ്രേഷ്ഠ ബാവാ തിരുമനസ്സ് ജനിച്ചു വളര്‍ന്ന പൂതൃക്ക പഞ്ചായത്തിലും, ശ്രേഷ്ഠ ബാവാ തിരുമനസ്സിന്റെ കബറിടം സ്ഥിതി ചെയ്യുന്ന വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 70-ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്കി. കൂടാതെ കടയ്ക്കനാട് ആശ്വാസഭവനില്‍ ഒരു നേരത്തെ ഭക്ഷണം നല്കുവാനും ക്രമീകരിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ഓര്‍മ്മയ്ക്ക് കേഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് വേണ്ടുന്നതായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൂടാതെ അര്‍ഹരായ രണ്ടു കുടുംബങ്ങള്‍ക്ക് കേഫായുടെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. വര്‍ഗീസ് പനച്ചിയില്‍ കശ്ശീശാ സൗജന്യമായി നല്കിയ സ്ഥലത്ത് തിരുവാണിയൂരില്‍ രണ്ട് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു.
മെത്രാപ്പോലീത്താമാരായ അഭി. ഡോ. എബ്രഹാം മോര് സേവറിയോസ്, അഭി. ഗീവര്‍ഗ്ഗീസ് മോര് ദിവന്ന്യാസിയോസ്, അഭി. യൂഹാനോന്‍ മോര് മിലിത്തിയോസ്, അഭി. കുര്യാക്കോസ് മോര് ദിയസ്ക്കോറോസ്, അഭി. ഗീവര്‍ഗ്ഗീസ് മോര് അത്താനാസിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. മാത്യൂസ് മോര് തേവോദോസിയോസ്, അഭി. കുര്യാക്കോസ് മോര് യൗസേബിയോസ്, അഭി. ഡോ. ഗീവര്‍ഗ്ഗീസ് മോര് കൂറിലോസ്, അഭി. മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ്, അഭി. ഡോ.ഏലിയാസ് മോര് അത്താനാസിയോസ്. അഭി. പൗലോസ് മോര് ഐറേനിയോസ്, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, അഭി. യാക്കോബ് മോര് അന്തോണിയോസ്, അഭി. സഖറിയാ മോര് പീലക്സിനോസ്, അഭി. ഐസക്ക് മോര് ഒസ്താത്തിയോസ്, അഭി. ഏലിയാസ് മോര് യൂലിയോസ്, അഭി. തോമമസ് മോര് അലക്സന്ത്രയോസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ്, അഭി. ഗീവര്‍ഗീസ് മോര് സ്തേഫാനോസ്, അഭി. കുര്യാക്കോസ് മോര് ഈവാനിയോസ്, എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യരായ കോറെപ്പിസ്ക്കോപ്പാമാരും, റമ്പാച്ചന്മാരും, ബഹു. വൈദീകരും, എം. പി, എം.എല്‍. എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, വിവിധ മത- രാഷ്ട്രീയ നേതാക്കന്മാരും, ബഹു. സിസ്റ്റേഴ്സും, വൈദീക സെമിനാരി വിദ്യാര്‍ത്ഥികള്‍, ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്ന്ന്എല്ലാവര്ക്കും നേര്‍ച്ചസദ്യയും നല്കി.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സഭാ ഭാരവാഹികളായ സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കത്തീഡ്രല്‍ വികാരി റവ. ഫാ. അജീഷ് മാത്യു, റവ. ഫാ. ബെസ്സി ജോണ്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, വര്‍ക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.


















