ചങ്ങനാശ്ശേരി ● മഹാത്മാഗാന്ധി സർവകലാശാലയുടെ 2026-ലെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അപ്ലൈഡ് സോഷ്യോളജി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി ഫാ. റെജി മാത്യു ശ്രദ്ധേയനായി. ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് ഓട്ടോണമസ് കോളേജിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ ആഞ്ഞിലിത്താനം സെന്റ് മേരീസ് ഇടവകാംഗമായ ഫാ. റെജി, പരേതനായ പി.വി. യോഹന്നാന്റെയും മറിയാമ്മ യോഹന്നാന്റെയും മകനാണ്. തിരുവനന്തപുരം കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം നിരണം ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിലും ഷാർജ സെന്റ് മേരീസ് കത്തീഡ്രലിലും തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ സർവകലാശാലയിൽ നിന്ന് കൗൺസിലിംഗ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഫാ. റെജി, നിലവിൽ ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തിയോളജി ഓഫ് മാര്യേജ് & ദ ഫാമിലി ലൈസൻഷ്യേറ്റ് പ്രോഗ്രാമിൽ ഉപരിപഠനം തുടരുകയാണ്.
നിലവിൽ കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ് ദൈവാലയത്തിലും കുന്നന്താനം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും ശുശ്രൂഷ നിർവഹിക്കുന്ന അദ്ദേഹം നിരണം ഭദ്രാസന പ്രീ-മാര്യേജ് കോഴ്സ് ഡയറക്ടറായും സണ്ടേസ്കൂൾ വൈസ് പ്രസിഡന്റായും സേവനം ചെയ്യുന്നു. ഐബി മാത്യുവാണ് സഹധർമ്മിണി. മക്കൾ : നാഥാൻ, സാദോക്ക്, സെയിൻ
