തിരുവാങ്കുളം ● കുടുംബങ്ങളുടെ ആത്മീയ വളർച്ചയും സഭയോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുമ്പോഴാണ് സഭ കൂടുതൽ കരുത്താർജിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കൊച്ചി ഭദ്രാസന കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികൾക്കായി തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ സംഘടിപ്പിച്ച ഭദ്രാസനതല കൂട്ടായ്മയായ ‘ശാലേത് 2K26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ.
അപ്പോസ്തോലിക കാലഘട്ടം മുതൽക്കേ നിലനിന്നിരുന്ന ‘ഗാർഹിക സഭ’ എന്ന മഹത്തായ സങ്കൽപ്പം ഇക്കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് ബാവ ചൂണ്ടിക്കാട്ടി. ഓരോ കുടുംബവും ഓരോ സഭയാണ്. സഭകളുടെ യഥാർത്ഥ ആരംഭം കുടുംബങ്ങളിൽ നിന്നാണ് സംഭവിക്കുന്നത്. അപ്പോസ്തോലന്മാരുടെ കാലത്ത് വിശ്വാസികൾ ഒരു കുടുംബമായി ഒത്തുകൂടുകയും, ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ച് ജീവിക്കുകയും ചെയ്തിരുന്ന ആദിമ സഭാ മാതൃകയിലേക്ക് നമ്മുടെ കുടുംബങ്ങൾ വളരേണ്ടതുണ്ടെന്ന് ബാവ പറഞ്ഞു.
കുടുംബജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവജനങ്ങളുടെയും കുട്ടികളുടെയും ആത്മീയ വളർച്ചയിൽ കുടുംബങ്ങൾ വഹിക്കേണ്ട നിർണായക പങ്കിനെക്കുറിച്ചും ബാവ സന്ദേശം നൽകി.
തുടർന്ന് ഫാ. എൽദോസ് കെ. ജോയി മോട്ടിവേഷണൽ ക്ലാസ് നയിച്ചു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ബേസിൽ ഷാജു, ഫാ. ജേക്കബ് കുരുവിള, ഫാ. സാംസൺ മേലോത്ത്, ജിജി പോൾ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
കുടുംബ നവീകരണത്തിനും ഇടവക-ഭദ്രാസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച സംഗമത്തിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബയൂണിറ്റ് ഭാരവാഹികൾ സജീവമായി പങ്കെടുത്തു. ഭദ്രാസന നേതൃത്വത്തിന്റെ ആദിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ, ചർച്ചകൾ, പ്രവർത്തന മാർഗരേഖകൾ എന്നിവ അവതരിപ്പിക്കുകയും കുടുംബയൂണിറ്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സജീവവുമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.
സഭയുടെയും കുടുംബങ്ങളുടെയും ആത്മീയ വളർച്ചയ്ക്കും കൂട്ടായ പ്രവർത്തനങ്ങൾക്കും പുതിയ ഉണർവും ദിശാബോധവും പകരാൻ ‘ശാലേത് 2K26’ സംഗമത്തിന് സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.


