പുത്തൻകുരിശ് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സന്ദർശിച്ചതിനെതിരെ ഉയരുന്ന പ്രസ്താവനകൾ ചരിത്രവസ്തുതകളെ നിഷേധിക്കുന്നതും അങ്ങേയറ്റം നിർഭാഗ്യകരവുമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാമാർ നൂറ്റാണ്ടുകളായി മലങ്കരയിലെ ദൈവാലയങ്ങൾ സന്ദർശിച്ചുവരുന്നവരാണ്. ദൈവാലയങ്ങളിൽ പ്രവേശിക്കാൻ അവകാശമോ അനുവാദമോ ഇല്ലായിരുന്നുവെങ്കിൽ ഇത്രയും കാലം പരിശുദ്ധ പാത്രിയർക്കീസ് ബാവാമാർ എങ്ങനെയാണ് അവിടെ പ്രവേശിക്കുകയും വിശുദ്ധ ആരാധനകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നതെന്ന് ഓർത്തഡോക്സ് വിഭാഗം ചിന്തിക്കണം.
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ 1982-ൽ നേരിട്ടെത്തി വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചിട്ടുണ്ട്. കൂടാതെ, 2015-ൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രഥമ മലങ്കര സന്ദർശനവേളയിലും ഈ ദൈവാലയം സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ വ്യക്തമായ ചരിത്രരേഖകളും പാരമ്പര്യവും നിലനിൽക്കെ, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ദൈവാലയ പ്രവേശനത്തെ ചോദ്യം ചെയ്യുന്നത് ചരിത്രനിഷേധമാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
മുറിവേറ്റുകൊണ്ടിരിക്കുന്ന ജനത യാക്കോബായ സുറിയാനി സഭയുടേതാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഓർത്തഡോക്സ് വിഭാഗത്തിന് മുറിവേറ്റുവെന്ന പ്രസ്താവനകൾ ഉയരുമ്പോൾ, കഴിഞ്ഞ നിരവധി വർഷങ്ങളായി ഏറ്റവുമധികം വേദനകളും ദുരനുഭവങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന യാക്കോബായ സുറിയാനി സഭയെയും വിശ്വാസികളെയും വിസ്മരിക്കരുതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സ്വന്തം ഇടവക ദൈവാലയങ്ങളിൽനിന്ന് പതിനായിരക്കണക്കിന് വിശ്വാസികൾക്ക് പുറത്താക്കപ്പെടേണ്ടിവന്നിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വന്തം ഇടവക സെമിത്തേരികളിൽ സംസ്കരിക്കുന്നതിനുപോലും തടസ്സങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. മെത്രാപ്പോലീത്തമാർ, വൈദികർ, വിശ്വാസികൾ തുടങ്ങി നിരവധി പേർ പോലീസ് നടപടികൾക്കും ശാരീരിക മർദ്ദനങ്ങൾക്കും ഇരയായിട്ടുണ്ട്.
ഇത്രയേറെ വേദനകളും പ്രതിസന്ധികളും നേരിട്ടിട്ടും യാക്കോബായ സുറിയാനി സഭ സമാധാനത്തിന്റെ പാതയാണ് പിന്തുടർന്നിട്ടുള്ളത്. മലങ്കര സഭാതർക്കത്തിന് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി ആരുടെ ഭാഗത്തുനിന്നുള്ള മധ്യസ്ഥശ്രമങ്ങളോടും പൂർണമായി സഹകരിക്കാൻ സഭ എന്നും സന്നദ്ധമായിരുന്നു. സ്വന്തം ജനതയുടെ വേദനകൾക്കിടയിലും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളിൽനിന്ന് സഭ പിന്നോട്ടുപോയിട്ടില്ലെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ രാഷ്ട്രീയ പക്ഷപാതമായി ചിത്രീകരിക്കരുത്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങൾ ഏറ്റെടുത്ത് മറുവിഭാഗത്തിന് കൈമാറുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്. നിരവധി ദൈവാലയങ്ങൾ പോലീസ് സഹായത്തോടെ ഏറ്റെടുത്ത് കൈമാറിയപ്പോഴും യാക്കോബായ സുറിയാനി സഭ സർക്കാരുകൾക്കെതിരെ പ്രതികാരനിലപാട് സ്വീകരിച്ചിട്ടില്ല.
മുൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നടത്തിയ മധ്യസ്ഥശ്രമങ്ങളോട് സഭ പൂർണമായി സഹകരിച്ചത് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ സഭ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായ സർക്കാർ നടപടികളെ മാത്രം നീതിപൂർവവും നിഷ്പക്ഷവുമായ ഇടപെടലുകളായി വിലയിരുത്തുകയും, ഇരുവിഭാഗങ്ങൾക്കും നീതിയും മാനുഷിക പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ സർക്കാരിന്റെ ഒത്താശയായി ചിത്രീകരിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്.
കോടതിയോ സർക്കാരോ മധ്യസ്ഥരോ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോൾ മാത്രം അവരെ അംഗീകരിക്കുകയും മറിച്ചാകുമ്പോൾ എതിർക്കുകയും ചെയ്യുന്ന സമീപനം അഭിലഷണീയമല്ല. സർക്കാരിന്റെ നീതിപൂർവമായ ഇടപെടലുകളെ രാഷ്ട്രീയമായോ വിഭാഗീയമായോ വ്യാഖ്യാനിക്കുന്നത് ഭൂഷണമല്ലെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
മലങ്കര സഭാതർക്കത്തിന് നിയമനിർമ്മാണമാണ് ശാശ്വത പരിഹാരം.
2025 ജനുവരി 31-ന് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിൽ പരിഗണിച്ച ആറു പള്ളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ നിയമനടപടികൾ ഉണ്ടായിട്ടുണ്ട്. ആറു പള്ളികൾ ഏറ്റെടുത്ത് കൈമാറണമെന്നാവശ്യപ്പെട്ടുള്ള നടപടികളിൽ, 2017-ലെ വിധിയുടെ പരിധിയും അത് ഏതെല്ലാം പള്ളികൾക്ക് ബാധകമാണെന്ന കാര്യവും പരിശോധിക്കുന്നതിനായി വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നടത്തിയ പരിശോധനയെത്തുടർന്ന് ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിലെ കോടതി നടപടികളും അവയുടെ നിയമപരമായ പരിധിയും വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭാതർക്കം സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ നിർദേശവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന മലങ്കര സഭാതർക്കത്തിന് സമഗ്രമായ നിയമനിർമ്മാണത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഓരോ ഇടവകയിലും വിശ്വാസികളുടെ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന്റെ താൽപര്യം പരിഗണിച്ച് ദൈവാലയങ്ങളുടെ ഭരണാവകാശം നിശ്ചയിക്കുകയും ന്യൂനപക്ഷത്തിന് ആരാധനാസ്വാതന്ത്ര്യവും മതിയായ അവകാശങ്ങളും ഉറപ്പാക്കുകയും വേണം. സെമിത്തേരികൾ ഇരുവിഭാഗങ്ങൾക്കും തുല്യാവകാശത്തോടെ ഉപയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മെത്രാപ്പോലീത്ത നിർദേശിച്ചു.
ഇത്തരമൊരു പരിഹാരത്തിനുള്ള നിർദേശങ്ങൾ മുൻ സർക്കാരിന്റെ കാലത്ത് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മലങ്കര ചർച്ച് ബിൽ ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
ഈ നിർദേശങ്ങളെ ഗൗരവമായി പരിഗണിച്ച് കാലാനുസൃതവും നീതിപൂർവവുമായ നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടക്കണം. നീതിയും മാനുഷിക പരിഗണനയും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പാക്കുന്ന നിയമനിർമ്മാണത്തിലൂടെ മാത്രമേ മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം സാധ്യമാകൂ. സഭകൾ തമ്മിലുള്ള ഭിന്നതകൾ ഇനിയും നീണ്ടുപോകാതെ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യവും ദൈവാലയങ്ങളിലെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സമാധാനപരമായ സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
സഭാതലവന്മാരുടെ കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗിക കീഴ്വഴക്കങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ കോട്ടയം ദേവലോകത്തേക്ക് ആവർത്തിച്ച് ക്ഷണിച്ചുകൊണ്ട് ഓർത്തഡോക്സ് വിഭാഗം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവനകൾ നടത്തിയത് നിർഭാഗ്യകരമാണ്. ഒരു സഭയുടെ പരമാധ്യക്ഷനെ ഔദ്യോഗികമായി ക്ഷണിക്കുന്നതിന് വ്യക്തമായ സഭാപരമായ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളുമുണ്ട്. അത്തരം നടപടിക്രമങ്ങൾ അറിയാത്തതുകൊണ്ടാണ് മാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷണം നടത്തിയതെന്ന് കരുതുന്നില്ല. സഭാതലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് പാലിക്കേണ്ട ഔദ്യോഗിക മര്യാദകളും സഭാപരമായ കീഴ്വഴക്കങ്ങളും എല്ലാവരും മാനിക്കേണ്ടതാണെന്നും അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെന്റർ
18/11/2026
