മുളന്തുരുത്തി : ആദ്യ മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൽ തുടക്കമായി. ആഗോള സുന്നഹദോസിൽ മലങ്കര സഭയുടേതായി വന്ന നിർദേശത്തിന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രഖ്യാപനം യാഥാർഥ്യമാക്കുന്നതിനുള്ള തീരുമാനവും പരിശുദ്ധ സുന്നഹദോസിൽ കൈക്കൊണ്ടു
1872 ൽ അന്ത്യോക്യ പാത്രീയർക്കീസായി വാഴിക്കപ്പെട്ട പരിശുദ്ധ പത്രോസ് തൃതീയൻ ബാവായാണ് മലങ്കരയിൽ സന്ദർശനം നടത്തിയ ആദ്യ പാത്രിയർക്കീസ് ബാവാ. 1798 ൽ ഇറാഖിലെ മൊസൂളിലായിരുന്നു ജനനം. മലങ്കരയിലെ ആദ്യ സുന്നഹദോസ് 1876 ജൂൺ 28ന് മുളന്തുരുത്തി പള്ളിയിൽ വിളിച്ചു കുട്ടിയത് അദ്ദേഹമാണ്. 150 വർഷം മുൻപു മലങ്കരയിൽ ആദ്യമായി മുറോൻ കുദാശ നിർവഹിച്ച പാത്രിയർക്കീസും അദ്ദേഹമായിരുന്നു. മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ച് 6 മെത്രാപ്പൊലീത്തമാരെ വാഴിച്ചു. 1877 മേയ് 16ന് ഇന്ത്യയിൽ നിന്നു മടങ്ങി. 1894 ൽ കാലം ചെയ്തു.