ആരക്കുന്നം ● മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ‘ഹോപ്പ്’ (HOPE) ലഹരി വിമോചന കേന്ദ്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ ബന്ധനങ്ങളിൽ അകപ്പെട്ടുപോയവരെ കൃത്യമായ ചികിത്സ, കൗൺസിലിംഗ്, ആത്മീയ പിന്തുണ എന്നിവയിലൂടെ സ്നേഹത്തോടെയും കരുതലോടെയും പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ശാസ്ത്രീയമായ ചികിത്സാരീതികളും സ്നേഹപൂർണവും ആത്മീയവുമായ പരിചരണവും സമന്വയിപ്പിച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ ആത്മീയ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ലഹരിക്ക് അടിമപ്പെട്ടവരെ പൂർണമായും അതിൽ നിന്ന് മോചിപ്പിക്കുന്നതിനൊപ്പം തകർന്ന കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ തിരിച്ചെത്തിക്കാനും കേന്ദ്രം വിവിധ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലഹരിയിൽ നിന്ന് മോചിതരാകാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതവും സമാധാനപൂർണവുമായ അന്തരീക്ഷം ഒരുക്കുക, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക, നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യങ്ങൾ.
ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ഓരോ വ്യക്തിക്കും സമഗ്ര രോഗമുക്തിയും ആന്തരിക സൗഖ്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഹോപ്പിന്റെ ദർശനം. ഇതിനായി ശാസ്ത്രീയ മെഡിക്കൽ പരിചരണം, കൗൺസിലിംഗും തെറാപ്പിയും, ആത്മീയ പിന്തുണ, ജീവിതനൈപുണ്യ പരിശീലനവും പുനരധിവാസവും, തുടർപരിചരണവും രോഗം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ പരിപാടികളും കേന്ദ്രം നടപ്പിലാക്കിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഹോപ്പ് ലഹരി വിമോചന കേന്ദ്രം
വട്ടപ്പാറ, കൈപ്പട്ടൂർ (പി.ഒ.),
എടക്കാട്ടുവയൽ, എറണാകുളം – 682 313
ഫോൺ: +91 95396 84346, +91 79074 16536
ഇ-മെയിൽ: hopedeaddictioncentre@gmail.com

