താളൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനം നടപ്പിലാക്കുന്ന ‘കൂട്’ ജീവകാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി താളൂരിൽ നിർമ്മിക്കുന്ന നാല് ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം നടന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നിർവഹിച്ചു.
താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ആടുപാറ പുത്തൻപുരയിൽ ശ്രീ. ബൈജുവും കുടുംബവും സൗജന്യമായി ദാനം ചെയ്ത താളൂർ മുയൽവയലിലെ സ്ഥലത്താണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്വബോധത്തിൻ്റെയും ജീവകാരുണ്യ മനോഭാവത്തിൻ്റെയും മികച്ച മാതൃകയാണ് ഈ ഭൂമിദാനമെന്ന് ചടങ്ങിൽ വിലയിരുത്തപ്പെട്ടു.
ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കൂട്’ ഭവനപദ്ധതി മലബാർ ഭദ്രാസനം നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് പുതിയ ജീവിതത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ശിലാസ്ഥാപന ചടങ്ങിൽ സംസാരിച്ചവർ, സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആത്മീയ ശുശ്രൂഷയ്ക്കൊപ്പം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘കൂട്’ പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു. ഭവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു വീട് സമ്മാനിക്കുന്ന ഈ സംരംഭം സമൂഹത്തിന് മാതൃകയാകുന്ന കാരുണ്യ പ്രവർത്തനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ വൈദികരും സഭാ-ഭദ്രാസന പ്രതിനിധികളും മേഖലയിൽ നിന്നുള്ള ഇടവകാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.



