മണർകാട് ● വിശ്വാസ സമൂഹത്തിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കാത്തിരിപ്പിന്റെ പ്രത്യാശ നൽകി എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ വിശുദ്ധ ദൈവമാതാവിന്റെ തിരുനട അടച്ചു.
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിന് തുറന്ന തിരുനട, സ്ലീബാ പെരുന്നാൾ ദിനമായ തിങ്കളാഴ്ച സന്ധ്യാ നമസ്കാരത്തോടെയാണ് അടച്ചത്. ഉണ്ണിയേശുവിനെ വഹിച്ചു നിൽക്കുന്ന ദൈവമാതാവിന്റെ ഛായചിത്രം ഉൾക്കൊള്ളുന്ന തിരുനട തുറന്നിരുന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനുമായി കത്തീഡ്രലിൽ എത്തിയത്.
ശുശ്രൂഷകൾക്ക് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും മുഖ്യകാർമികത്വം വഹിച്ചു. ദൈവീക പ്രത്യക്ഷതകളും ആത്മീയ ദർശനങ്ങളും തിരിച്ചറിഞ്ഞ് കഷ്ടതകളെ സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ മനുഷ്യജീവിതം അർഥ പൂർണമായിത്തീരുമെന്ന് അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു.
വി. ദൈവമാതാവിനോടുള്ള കുക്കിലിയോൻ പ്രാർഥനയ്ക്കു ശേഷം പ്രധാന മദ്ബഹയിലെ തിരശീല മെല്ലെ തെക്കുനിന്നു വലത്തോട്ടു നീങ്ങി. പിന്നാലെ പുണ്യദർശനത്തിന്റെ അപൂർവമായ എട്ടു സുകൃതദിനങ്ങൾ നൽകിയ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം കാണാമറയത്തായി. എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് ദർശനത്തിനായി നടതുറക്കുന്നത്. 2027-ലെ എട്ടു നോമ്പിന്റെ ഏഴാം നാളിലാണ് ഇനി നട തുറക്കുക.
ദർശന പുണ്യസൗഭാഗ്യത്തിനായി നാടിന്റെ കാത്തിരിപ്പ് ആരംഭിച്ചു. സ്ലീബാ പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ വി. മൂന്നിന്മേൽ കുർബാനയ്ക്കും അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായി. മണർകാട് പള്ളിയിലെ ദീപാലങ്കാരങ്ങളും സമാപിച്ചു.

