- സ്നേഹ സംഗമമായി സൺഡേ സ്കൂൾ മീറ്റ്
ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്-2026-ൻ്റെ ഭാഗമായി “The Challenges of the Liturgy in the USA” (അമേരിക്കയിലെ ആരാധനാക്രമത്തിന്റെ വെല്ലുവിളികൾ) എന്ന വിഷയത്തിൽ ശ്രദ്ധേയമായ പാനൽ ചർച്ച സംഘടിപ്പിച്ചു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹസാന്നിധ്യത്തിലും അമേരിക്കൻ ദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലുമാണ് ചർച്ച സംഘടിപ്പിച്ചത്.
പാനൽ ചർച്ചയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ ഡയോണീസിയോസ് ജോൺ കവ്വാക്ക് മുഖ്യപ്രഭാഷണം നടത്തി. വടക്കേ അമേരിക്കയിൽ സുറിയാനി ഓർത്തഡോക്സ് സഭ നേരിടുന്ന ആരാധനാക്രമപരവും ശുശ്രൂഷാപരവുമായ വെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചു. സുറിയാനി ആരാധനാ പാരമ്പര്യത്തിൻ്റെ സമ്പന്നതയും വിശുദ്ധതയും യാതൊരു വിട്ടുവീഴ്ചയും കൂടാതെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതോടൊപ്പം, പുതിയ തലമുറയ്ക്ക് ആരാധനയുടെ ആത്മീയ ആഴവും അർത്ഥവും മനസ്സിലാക്കി സഭാ ആരാധനയിൽ സജീവമായി പങ്കുചേരാൻ സഹായിക്കുന്ന രീതിയിൽ ശുശ്രൂഷകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാനൽ ചർച്ചയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ, മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മോർ സെവേറിയോസ് ആയൂബ്, ഓസ്ട്രേലിയയിലെ സെന്റ് ജോൺസ് തിയോളജിക്കൽ സെമിനാരിയുടെ ഡീൻ റവ. ഫാ. ജേക്കബ് ജോസഫ്, അമേരിക്കയുടെ കിഴക്കൻ അതിഭദ്രാസനത്തിലെ യുവജന ശുശ്രൂഷാ ഡയറക്ടർ റവ. ഫാ. ജോസഫ് ഷമ്മാസ് എന്നിവർ പങ്കെടുത്തു. വെരി റവ. റമ്പാൻ സലീബ എർ സന്നിഹിതനായിരുന്നു. തുടർന്ന്, സെന്റ് ജോൺസ് തിയോളജിക്കൽ സെമിനാരിയുടെ പുതിയ ഓഫീസ് ശ്രേഷ്ഠ കാതോലിക്ക ബാവയും സഭാ മേലധ്യക്ഷന്മാരും ചേർന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സെമിനാരിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടെ ഭാവിയിലെ വൈദികരുടെയും സഭാനേതാക്കളുടെയും ദൈവശാസ്ത്രപരവും ആത്മീയവും ശുശ്രൂഷാപരവുമായ രൂപീകരണത്തിനുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫാമിലി കോൺഫറൻസ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച സൺഡേ സ്കൂൾ മീറ്റിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും വാളണ്ടിയർമാരുമായി ശ്രേഷ്ഠ ബാവ സംവദിച്ചു. സഭയുടെ ഭാവി തലമുറയെ വിശ്വാസത്തിലും ആത്മീയ മൂല്യങ്ങളിലും വളർത്തിയെടുക്കുന്നതിൽ സൺഡേ സ്കൂൾ ശുശ്രൂഷയുടെ പങ്ക് അതീവ നിർണായകമാണെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. MGSOSA/MGSOYA മീറ്റിലും ശ്രേഷ്ഠ ബാവ സംബന്ധിച്ചു.



