ആധുനിക യാക്കോബായ സുറിയാനി സഭയുടെ ശിൽപി, യുഗപ്രഭാവൻ, മലങ്കരയുടെ യാക്കോബ് ബുർദ്ദാന, പകരക്കാരനില്ലാത്ത അമരക്കാരൻ, പോരാട്ടങ്ങളുടെ കനൽവഴികളിൽ സഭയെ വളർത്തിയ ശ്രേഷ്ഠാചാര്യൻ, കഠിനാദ്ധ്വാനം മുഖമുദ്രയാക്കിയ പ്രധാനാചാര്യൻ, ഇല്ലായ്മയിൽ നിന്നും വിശ്വപൗരനിലേയ്ക്ക് ഉയർന്ന ആചാര്യശ്രേഷ്ഠൻ, ചരിത്രപുരുഷൻ – മലങ്കരയുടെ ഇതിഹാസം, കരുതലിന്റെ നേർസാക്ഷ്യം, നല്ലപോർ പൊരുതി വിശ്വാസം കാത്ത ദൈവത്തിന്റെ പ്രതിപുരുഷൻ, പ്രാർത്ഥനയും വ്രതാനുഷ്ഠാനവും മുഖമുദ്രയാക്കിയ പ്രധാനാചാര്യൻ ഇങ്ങനെ വിശേഷണങ്ങൾക്കപ്പുറം ആഴക്കടൽപോലെ അഗാധവും ശാന്തവും കർമ്മ നിരതവുമാണ് ശ്രേഷ്ഠ ബാവായുടെ ശ്രേഷ്ഠ ജീവിതം.
1929 ജൂലൈ 22 ന് എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും, കോലഞ്ചേരി കല്ലിങ്കൽ കുഞ്ഞാമ്മയുടെയും എട്ടു മക്കളിൽ ആറാമനായിരുന്നു കുഞ്ഞൂഞ്ഞ് എന്ന സി.എം. തോമസ് ജനിച്ചു. ബാല്യകാല രോഗങ്ങൾ സി.എം. തോമസിൻ്റെ പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിൽ അവസാനിപ്പിച്ചു. പിന്നീടു തപാൽ വകുപ്പിൽ അഞ്ചലോട്ടക്കാരൻ (മെയിൽ റണ്ണർ) ആയി ജോലിയിൽ പ്രവേശിച്ചു.
മലേക്കുരിശ് ദയറായിൽ സൺഡേസ്കൂൾ പഠിപ്പിച്ചും വചനം പ്രസംഗിച്ചും വന്ന സി.എം. തോമസിനെ കണ്ടനാട് ഭദ്രാസനാധിപനും പിന്നീടു പൗരസ്ത്യ കാതോലിക്കയുമായ പൗലോസ് മോർ പീലക്സിനോസ് തിരുമേനി പിറമാടം ദയറായിലേക്കു നിയോഗിച്ചു. 1952 ൽ 23-ാം വയസിൽ കോറൂയോ പട്ടം സ്വീകരിച്ചു. സുറിയാനി മൽപ്പാൻ ഞാർത്താങ്കൽ കോരുത് മൽപ്പാനച്ചൻ്റെയും മൂശസലാമ റമ്പാൻ്റെയും (മോർ ക്രിസോസ്റ്റമോസ് ) കടവിൽ പോൾ റമ്പാൻ്റെയും (പിന്നീടു ഡോ പൗലോസ് മോർ അത്താനാസിയോസ്) കീഴിലായിരുന്നു വൈദികപഠനം.
1957 ൽ കടമറ്റം പള്ളിയിൽ വെച്ചു പൗലോസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശ പട്ടവും 1958 സെപ്റ്റംബർ 21 നു മഞ്ഞിനിക്കര ദയറായിൽ വച്ച് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയിൽ നിന്ന് ഫാ. സി.എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദിക പട്ടവും സ്വീകരിച്ചു. ആറു വർഷം പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരിയായിരുന്നു. പള്ളി പുതുക്കി പണിതപ്പോൾ തൊഴിലാളികൾക്കൊപ്പം പകലന്തിയോളം കല്ലും മണ്ണും ചുമന്ന കൊച്ചച്ചന്റെ കഠിനാദ്ധ്വാനത്തിൻ്റെ കഥകൾ പ്രസിദ്ധമാണ്. പുത്തൻകുരിശിനൊപ്പം വെള്ളത്തൂവൽ, കീഴ്മുറി, വലമ്പൂർ പള്ളികളിൽ ഒരേസമയം വികാരിയായിരുന്ന അച്ചൻ ഫോർട്ട് കൊച്ചി, കൽക്കട്ട, തൃശൂർ, ചെമ്പൂക്കാവ്, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിലും അജപാലകനായി.
കൽക്കട്ടയിലെ കൽക്കരി ഖനികളിൽ മൃഗതുല്യരായി പണിയെടുക്കുന്നവർക്കിടയിൽ, കാശ്മീരിലെ ഉദംമ്പൂരിൽ, വരിക്കോലി ആശുപത്രിയിലെ കുഷ്ഠരോഗികളായ അന്തേവാസികൾക്കിടയിൽ കരുണയുടെ പ്രകാശമായി. ഇടവക വികാരിയായ പതിനഞ്ചു വർഷം (1959-74) ഇടവക ഭരണത്തിനൊപ്പം സുവിശേഷ പ്രസംഗങ്ങളിലും സജീവം. പെരുന്നാൾ ധ്യാനയോഗങ്ങളിലും സുവിശേഷ പന്തലുകളിലും പ്രധാന പ്രസംഗകനായിരുന്നു.
1967-74 കാലത്ത് ഫാ. തോമസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ഓർഗനൈസിംഗ് സെക്രട്ടറിയായി ഏഴു വർഷം പ്രവർത്തിച്ചു. ആശുപത്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1973 ഒക്ടോബർ 11 ന് കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ ചേർന്ന അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷയോഗം മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. 1974 ഫെബ്രുവരി 24 ന് ദമാസ്കസിലെ സെൻ്റ് ജോർജ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ചു പരിശുദ്ധ യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ തോമസ് മോർ ദിവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിച്ചു. മലബാർ, ബാഹ്യകേരള ഭദ്രാസന ചുമതലകൂടി ഒരേസമയം നിർവ്വഹിച്ചു.
മലങ്കര സുറിയാനി സഭയിൽ കാറും കോളും നിറഞ്ഞ കാലത്തു 1975 ഡിസംബർ 25, 26 തീയതികളിൽ അങ്കമാലി തുരുത്തിശേരി പള്ളിയിൽ നടന്ന ചരിത്രപ്രസിദ്ധമായ അസോസിയേഷൻ്റെ സംഘാടകനായിരുന്നു.
1999 ഫെബ്രുവരി 22ന് എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട തിരുമേനിയെ പുത്തൻകുരിശിൽ ചേർന്ന അഖില മലങ്കര പള്ളിപ്രതിപുരുഷ യോഗങ്ങളിൽ നിയുക്ത കാതോലിക്കയും, മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായി തെരഞ്ഞെടുത്തു. 2002 ജൂലൈ 26 ന് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ദമാസ്കസിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പാത്രിയർക്കാ കത്തീഡ്രലിൽ വച്ചു മോർ ബസേലിയോസ് തോമസ് പ്രഥമൻ എന്ന നാമത്തിൽ ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു.
2002 ജൂലൈ 6 ന് പുത്തൻകുരിശിൽ ചേർന്ന അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. തുടർന്നു 2007, 2012, 2019 വർഷങ്ങളിലും തുടർന്നു. 2019 ഏപ്രിൽ 27 നു മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. 17 വർഷം മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി സഭയെ നയിച്ചു. ഏകദേശം 350 ഓളം വൈദികർക്ക് പട്ടം നൽകി.13 മെത്രാപ്പോലീത്തന്മാരെ വാഴിച്ചു. അനേകം ധ്യാന കേന്ദ്രങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
2014 മാർച്ച് 28 നു ദമാസ്ക്കസിൽ നടന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ കബറടക്ക ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. മലങ്കരയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു കാതോലിക്ക നേതൃത്വം നൽകുന്നത്.
2014 മാർച്ച് 31 നു ബെയ്റൂട്ടിൽ പരിശുദ്ധ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ തെരഞ്ഞെടുത്ത ആകമാന സുന്നഹദോസിൽ അദ്ധ്യക്ഷം വഹിച്ചു. ആദ്യമായിട്ടാണു മലങ്കരയിൽ നിന്നൊരു കാതോലിക്ക ആകമാന സുന്നഹദോസിൽ അദ്ധ്യക്ഷം വഹിക്കുന്നത്. 2014 മെയ് 29 ന് നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിച്ചു.
സത്യവിശ്വാസ പോരാളിയായ ബാവയുടെ ജീവിതം സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും കനൽവഴിയാണ്. അറസ്റ്റുകൾ, പോലീസ് മർദ്ദനങ്ങൾ, ജയിൽവാസം ഇവക്കൊന്നും തളർത്താനാകാത്ത പോരാട്ടവീര്യമാണ് ബാവായുടെത്. 1977 ഡിസംബർ 6 ആലുവ തൃക്കുന്നത്ത് സെൻ്റ് മേരിസ് പള്ളിയിൽ ശവസംസ്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ 44 ദിവസവും, പഴന്തോട്ടത്ത് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ ഏഴു ദിവസവും ഉപവാസമനുഷ്ഠിച്ചു. ആലുവായിൽ ക്രൂരമായ പോലീസ് മർദ്ദനത്തിനു വിധേയനായി. വിലങ്ങണിയിച്ചു ജയിലിൽ അടയ്ക്കപ്പെട്ടു.
തൃക്കുന്നത്ത്, കോലഞ്ചേരി പള്ളികളിൽ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ ഉപവാസയജ്ഞം അടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി. മാമലശ്ശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം പള്ളികളും പോരാട്ടഭൂമികളാണ്.
ആധുനിക സൗകര്യങ്ങളിലും വിസ്തൃതിയിലും മികച്ചു നിൽക്കുന്ന പുത്തൻകുരിശിലെ ഇഗ് നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്ക സെൻ്റർ, മോർ അത്തനേഷ്യസ് കത്തീഡ്രൽ, സെന്റ് മേരീസ് കൺവെൻഷൻ സെൻ്റർ എന്നിവ നിർമ്മിച്ചു. വിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ട് ഭരണഘടന യാഥാർത്ഥ്യമാക്കിയതും ബാവായുടെ ഇച്ഛാശക്തിയായിരുന്നു.
ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചു. സുവിശേഷീകരണത്തിനും ആത്മീയസന്ദേശ പ്രചാരണത്തിനുമായി അച്ചടിശാലയും പള്ളി ഉപകരണങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്ന ബുക്ക് സ്റ്റാളും ആരംഭിച്ചു. പുത്തൻകുരിശ് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കമിട്ടു. ബിബ്ലിക്കൽ അക്കാദമി സ്ഥാപിച്ചു.
ധീരമായ പോരാട്ടങ്ങൾ നയിച്ച ശ്രേഷ്ഠ ബാവായെ പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ മലങ്കരയുടെ യാക്കോബ് ബുർദ്ദാനയെന്ന് വിളിച്ചാദരിച്ചു. (സഭയെ നശിപ്പിക്കാൻ ശ്രമിച്ച കാലത്ത് സത്യവിശ്വാസം കാത്ത കർമ്മയോഗിയും പോരാളിയും വിശുദ്ധനുമാണു എ.ഡി 505-578 വരെ ജീവിച്ചിരുന്ന മോർ യാക്കോബ് ബുർദ്ദാന). കൂടാതെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ബാർറ്ഗീഷ് (ഇടിമക്കൾ, കർത്താവ് യാക്കോബിനെയും യോഹന്നാനെയും വിളിച്ച പേര്) എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു.
ഇതര ക്രൈസ്തവ സഭകളുമായുള്ള സംവാദം ശക്തിപ്പെടുത്തി. യാക്കോബായ സഭ ഇതര ക്രൈസ്തവ സഭകളുമായി എക്യുമെനിക്കൽ ബന്ധങ്ങൾ ദൃഢമാക്കുന്നതിന് ശ്രേഷ്ഠ ബാവ നിസ്തുലമായ പങ്കുവഹിച്ചു. കത്തോലിക്കാസഭയും ആയുള്ള എക്യുമിനിക്കൽ ബന്ധങ്ങൾക്ക് എപ്പോഴും നല്ല പിന്തുണ നൽകി കൊണ്ടിരുന്ന ശ്രേഷ്ഠ ബാവ മാർത്തോമ സഭയുമായുള്ള ദൈവശാസ്ത്ര സംവാദത്തിന് തുടക്കം കുറിച്ചു.
ഡോക്ടർ ഡി. ബാബുപോൾ രേഖപ്പെടുത്തുന്നു: “ആരുമില്ലാതെ ആൾക്കൂട്ടം മാത്രമായി അനാഥ മായിരുന്ന ഒരു സമൂഹത്തിന്. ഞാൻ ആരെ അയക്കേണ്ടൂ ? ആർ എനിക്കുവേണ്ടി പോകും ? എന്ന അശരീരിയോട് അടിയൻ ഇതാ, അടിയനെ അയക്കേണമേ എന്ന് പ്രതികരിക്കാൻ ദൈവം ഒരുക്കിയ മനുഷ്യനാണ് ശ്രേഷ്ഠ ബാവ…”
ചരിത്രത്തിലും പാരമ്പര്യവിശ്വാസത്തിലും അടിയുറച്ച യാക്കോബായ സുറിയാനി വിശ്വാസി സമൂഹത്തെ വിഘടിത വിഭാഗം എന്ന പരിഹാസത്തിൽ നിന്നും സുസംഘടിതരാക്കി ഇതര സഭകളുടെയും സമുദായങ്ങളുടെയും സർക്കാരുകളുടെയും അംഗീകാരം നേടിയെടുക്കുന്ന നിലയിലേക്ക് വളർത്തിയ ആധുനിക യാക്കോബായ സഭയുടെ ശിൽപിയാണു ശ്രേഷ്ഠ ബാവ.
മൂന്നു പതിറ്റാണ്ടുമുമ്പ് മൂന്ന് മെത്രാപ്പോലീത്താമാരും ഏതാനും പുരോഹിതരും മാത്രമുണ്ടായിരുന്ന സഭയെ കഠിനാദ്ധ്വാനവും കർമ്മശേഷിയും കൊണ്ട് ശ്രേഷ്ഠ ബാവ മുപ്പതിലേറെ മെത്രാപ്പോലീത്തമാരും അനേകം പള്ളികളും, വിദ്യാലയങ്ങളും, മികച്ച ആസ്ഥാനമന്ദിരവും, വൈദിക സെമിനാരിയും, അസംഖ്യം ആത്മീയ സ്ഥാപനങ്ങളുമൊക്കെയുള്ള സുസംഘടിത ശക്തിയായി വളർത്തി.
വ്യവഹാരക്കാറ്റിലും പീഢനങ്ങളുടെ തിരമാലകളിലും പ്രക്ഷുബ്ധമായ കടലിൽ അന്ത്യോഖ്യാ വിശ്വാസത്തിൽ അടിയുറച്ച സഭാനൗകയെ ഏകാഗ്രചിത്തനായ നാവികനെപോലെ ഈ ആത്മീയാചാര്യൻ മുന്നോട്ടു നയിച്ചു.
മലങ്കരയുടെ മഹിതാചാര്യൻ 96-ാം വയസ്സിൽ 2024 ഒക്ടോബർ 31 ന് കാലം ചെയ്ത് നവംബർ 2 ന് പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കബറടക്കം നടത്തി. ഭാഗ്യസ്മരണീയനായ ശ്രേഷ്ഠ ബാവായുടെ പ്രാർത്ഥനകളും മദ്ധ്യസ്ഥതകളും പരിശുദ്ധ സഭയ്ക്ക് കാവലും കോട്ടയുമാകട്ടെ.

