പുത്തൻകുരിശ് ● നിശ്ചയദാർഢ്യത്തോടെ നിലപാടുകളിൽ ഉറച്ചുനിന്ന് സഭയെ ധീരതയോടെ നയിച്ച ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മറ്റുള്ളവർക്ക് മാതൃകയായിരുന്നുവെന്നും ജനഹൃദയങ്ങളിലെന്നും ജീവിക്കുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
വിശുദ്ധമായ ജീവിതം കൊണ്ടും സംശുദ്ധമായ ആരാധനകൊണ്ടും പരിശുദ്ധ സഭയോടുള്ള അചഞ്ചലമായ സ്നേഹം കൊണ്ടും സഭയെ പണിത, ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ സഭയെ നവീകരിച്ച് മുന്നോട്ട് നയിച്ച ശ്രേഷ്ഠനായ ഇടയനായിരുന്നു ഭാഗ്യസ്മരണാർഹനായ ബാവ തിരുമേനി. ദൈവാശ്രയത്തോടെ തൻ്റെ ശുശ്രൂഷ നിർവഹിക്കുവാൻ ബാവാ തിരുമേനിയ്ക്കു കഴിഞ്ഞുവെന്നതാണ്, പരാജയങ്ങളുടെ മധ്യേ പോലും കൂടുതൽ ശക്തിയോടുകൂടി മുന്നോട്ട് നയിച്ച ഘടകമെന്ന് ബാവ അനുസ്മരിച്ചു. പുതിയ സഹസ്രാബ്ദത്തിലെ സഭയുടെ കെട്ടുപണിയിൽ ഇത്രമേൽ നേതൃത്വം വഹിച്ച, പങ്കാളിത്തം വഹിച്ച മറ്റൊരു ഇടയശ്രേഷ്ഠൻ ഉണ്ടാകില്ല.
സൂര്യതേജസ്സോടെ, ഭാഗ്യനക്ഷത്രം പോലെ പരിശുദ്ധ സഭയ്ക്കുവേണ്ടി നിരന്തരമായ പ്രാർഥനകളും ജാഗരണങ്ങളും ബാവ തിരുമേനി സ്വർഗത്തിൽ നമുക്കുവേണ്ടി അർപ്പിക്കുന്നുണ്ടെന്ന് നമുക്ക് വിശ്വസിക്കാമെന്നും ശ്രേഷ്ഠ ബാവ തിരുമേനിയുടെ ദൈർഘ്യമേറിയ അജപാലന ശുശ്രൂഷാകാലം
സഭയുടെ ഒരു മഹാഭാഗ്യമായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ആയിരങ്ങൾ കബർ വണങ്ങി. തൃശ്ശൂര്‍, പള്ളിക്കര, കോതമംഗലം, പിറവം, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി എന്നീ മേഖലകളില്‍ നിന്നും കാൽനടയായി എത്തിയ വിശ്വാസികൾ കാവുംതാഴത്തു സംഗമിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിടത്തിലേക്ക് എത്തി. വിശ്വാസികളെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക്
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, പൗലോസ് മോർ ഐറേനിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ യൂലിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ ബാവായുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥനയും അനുസ്മരണ സന്ദേശവും നൽകി. തുടർന്ന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ നേര്ച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
ശ്രാദ്ധപ്പെരുന്നാൾ ദിനമായ ഇന്ന് രാവിലെ 07:30 ന് പ്രഭാത പ്രാർത്ഥന ആരംഭിക്കും. 08:30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭി. മോർ ഈവാനിയോസ് മാത്യൂസ്, അഭി. മോർ അഫ്രേം മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന നടക്കും. സഭയിലെ മെത്രാപ്പോലീത്തമാർ സന്നിഹിതരായിരിക്കും.
10 ന് ശ്രേഷ്ഠ ബാവ അനുസ്മരണ സന്ദേശം നൽകും. 10:30 ന് ശ്രാദ്ധസദ്യ നടക്കും.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ നാമത്തിൽ ആരംഭിക്കുവാന്‍ പോകുന്ന മ്യൂസിയത്തിന്റെയും കണ്വെന്ഷന് സെന്ററിന്റെയും നിര്‍മ്മാണോദ്ഘാടനം നടക്കും. ശ്രേഷ്ഠ ബാവായുടെ വില്പത്ര പ്രകാരം താല്ക്കാലീകമായി നഷ്ടപ്പെട്ട ഇടവകകള്ക്കുളള ധനസഹായ വിതരണവും പെരുന്നാളിനോടനുബന്ധിച്ച് നടത്തും.














