സഭയെ ധീരതയോടെ നയിച്ച ശ്രേഷ്ഠ ഇടയൻ : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിക്കുന്നു
യാക്കോബായ സുറിയാനി സഭയുടെ യശസ്സുയർത്തി, സഭാ ഗാത്രത്തെ ബലപ്പെടുത്തിയ പിതാവാണ് നമ്മുടെ ബാവാ തിരുമേനി. ആഞ്ഞിലിമൂട്ടിൽ ഇട്ടി തൊമ്മൻ കത്തനാരെപ്പോലെ വിശ്വാസധീരനും, വലിയ മോർ ദീവന്നാസിയോസിനെ പോലെ വിശാലമായ കാഴ്ച്ചപ്പാടുകൾ ഉള്ള സമുദായ മെത്രാപ്പോലീത്തായും, പുലിക്കോട്ടിൽ വലിയ തിരുമേനിയെപ്പോലെ സമർത്ഥനായ ഭരണകർത്താവും, ആലുവയിലെ വലിയ തിരുമേനിയെപ്പോലെ പ്രാർത്ഥനാ ജീവിതവും ഉള്ള മഹാപ്രധാനാചാര്യൻ ആയിരുന്നു ശ്രേഷ്ഠ പിതാവ്. കാറ്റിലും കോളിലും പെട്ട് സഭാ നൗക ആടിയുലയുമ്പോഴും പടകിന്റെ അറ്റത്തുള്ള കർത്താവിലാശ്രയിച്ചു ചഞ്ചലഹൃത്തനാകാതെ വിശ്വാസത്തോടെ സഭയെ നയിക്കാൻ ബാവായ്ക്കുള്ള കഴിവ് അനുകരണീയമാണ്. ദൈവത്തിൽ ആശ്രയിച്ചാണ് ബാവാ ഓരോ തീരുമാനവും എടുക്കുന്നത്. തീരുമാനം എടുത്തുകഴിഞ്ഞാൽ ആരുവിചാരിച്ചാലും അതിൽ നിന്ന് പിന്മാറാൻ തിരുമനസ്സ് ഒരുക്കമല്ല. നിർണായക സന്ദർഭങ്ങളിൽ അവസരോചിതമായ തീരുമാനങ്ങൾ ബാവാ കൈക്കൊള്ളും. അത് കൃത്യവും വ്യക്തവുമായിരിക്കും. ആരോപണങ്ങളും, വ്യക്തിഹത്യയും, കള്ളപ്രചരണങ്ങളും തളർത്തുന്ന മനസ്സല്ല ബാവയ്ക്കുള്ളത്. പകരം അതിൽനിന്നൊക്കെ ഊർജ്ജ മുൾക്കൊണ്ട് മുൻപോട്ടുള്ള പ്രയാണത്തിന് ശക്തി കൂട്ടുന്ന അനതിസാധാരണമായ കഴിവ് ബാവായുടെ മുഖമുദ്രയാണ്.
സഭയുടെ പ്രധാനാചാര്യൻ എന്ന നിലയിൽ പിതാവ് സഭയിലും സമൂഹത്തിലും നേടിയെടുത്ത സ്വീകാര്യത അത്ഭുതാവഹമാണ്. സഭയിലെ ആബാലവൃദ്ധം ജനങ്ങളിലും ബാവാതിരുമേനിക്ക് ആരാധകരും, അനുയായികളും ഉണ്ട്. ആടുകളെ പേർചൊല്ലി വിളിക്കാൻ തക്ക അടുപ്പവും, സൗഹാർദ്ദവും സൂക്ഷിക്കാൻ എക്കാലത്തും തിരുമേനിക്ക് സാധിച്ചിട്ടുണ്ട്. സഭയ്ക്കകത്തും പുറത്തും എതിർക്കുന്നവർ പോലും ബാവായുടെ വിനയവും, സ്നേഹോഷ്മളമായ പെരുമാറ്റവും അംഗീകരിച്ചു പെരുമാറുന്നതും പറയുന്നതും കേൾക്കാറുണ്ട്.
ബാവായുടെ പ്രാർത്ഥനാ ജീവിതം എല്ലാവർക്കും മാതൃകായോഗ്യമാണ്. മുഴങ്കാൽ മടക്കി നിലത്തിരുന്നുള്ള പ്രാർത്ഥന ദൈവമിറങ്ങി വന്ന് വസിക്കാൻ തക്ക വിധത്തിലുള്ളതാണ്. മനുഷ്യൻ എന്ന നിലയിലുള്ള ബലഹീനതകളും കുറവുകളും എല്ലാവർക്കുമുള്ളതു പോലെ ബാവാ തിരുമേനിക്കും കാണുമെങ്കിലും അതൊക്കെ ദൈവസ്പർശം മൂലം അതിജീവിച്ചു ദൈവത്തിനും മനുഷ്യർക്കും പ്രയോജനമുള്ള നന്മ പ്രവർത്തിക്കാൻ വാർദ്ധക്യത്തിലും സാധിച്ചു എന്നത് ദൈവകരുണ ഒന്ന് മാത്രമാണ്.
പരിശുദ്ധ അന്ത്യോഖ്യ സിംഹാസനവും യാക്കോബായ സഭയുമായുള്ള പൂർവ്വികമായ ബന്ധം അഭംഗുരം തുടരാനും പരിശുദ്ധ പാത്രിയർക്കീസ് ബാവായോടുള്ള വിധേയത്വം ആ ചന്ദ്രതാരം നിലനിർത്താനും ബാവാ തിരുമേനി വഹിച്ചിട്ടുള്ള പങ്ക് തുല്യമില്ലാത്തതാണ്. യാക്കോബായ സഭയുടെ കെട്ടുറപ്പും, വളർച്ചയും മാത്രം മനസ്സിൽ കണ്ടുളള പ്രവർത്തനം ബാവാ തിരുമേനിയെ വ്യത്യസ്തനാക്കി. ഇനി വരുന്നൊരു തലമുറ നന്മയും, കരുതലും കൊണ്ട് സഭാ ജനങ്ങളുടെ ഹൃദയം കവർന്ന ഒരു സഭാധ്യക്ഷൻ നമുക്കുണ്ടായിരുന്നോ എന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ല.
ശ്രേഷ്ഠ ബാവ ബാല്യകാലം മുതലേ പോരാളിയായിരുന്നു. നാലാംക്ലാസിൽ പഠിക്കുമ്പോൾ മഹാത്മാഗാന്ധി കീ ജയ് എന്ന് ഉച്ചത്തിൽ വിളിച്ചതിന് ബെഞ്ചിൽ കയറ്റിനിർത്തി അധ്യാപകൻ ശിക്ഷിച്ചപ്പോൾ ആ വിളി തുടർന്നതല്ലാതെ അദ്ദേഹം നിർത്തിയില്ല. ആ പോരാട്ടവീര്യം എന്നും തുടർന്നു.
സുറിയാനി സഭയ്ക്ക് അർഹതപ്പെട്ട അവകാശം കോടതിവിധികളിലൂടെ നിഷേധിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്കൊപ്പം നിന്നു. തങ്ങൾ പടുത്തുയർത്തിയ ദേവാലയങ്ങൾ സംരക്ഷിക്കാൻ മുന്നണിപ്പോരാളിയായി ജനത്തെ നയിച്ചു. അറസ്റ്റ് വരിച്ചും മാസങ്ങളോളം നീളുന്ന സമരമുഖങ്ങൾ തുറന്നും ജയിലിലടക്കപ്പെട്ടും തന്റെ സഭയുടെ സ്വാതന്ത്ര്യത്തിനും അസ്തിത്വത്തിനും വേണ്ടി അരനൂറ്റാണ്ടോളം പോരാടിയ സമാനതകളില്ലാത്ത ഒരു സഭാനേതാവ്. ഈ പോരാട്ടത്തിൽ അഞ്ഞൂറിലധികം കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. താനായിട്ട് ഒരു കേസും ആർക്കും എതിരെ കൊടുത്തില്ല. പിലാത്തോസിനുമുമ്പിൽ കുറ്റാരോപിതനായി മൗനിയായി നിന്ന യേശു ക്രിസ്തുവിനെയാണ് അദ്ദേഹം മനസ്സിൽ കണ്ടതും ധ്യാനിച്ചതും.
ചെറുപ്പത്തിൽ ദാരിദ്ര്യവും അപസ്മാരംപോലെയുള്ള അസുഖവുമൊക്കെ അദ്ദേഹത്തെ വലച്ചിരുന്നു. പട്ടിണിയടക്കം ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ യുവത്വമായിരുന്നു. പിന്നീട് അദ്ദേഹം സുവിശേഷ വേലയ്ക്കായി ഒരുക്കപ്പെട്ടു. വിശ്വാസജീവിതത്തിൽ തനിക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നു വിശ്വസിച്ച ആളാണ്.
കാലം ചെയ്ത മോർ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവായാണ് അദ്ദേഹത്തെ വൈദിക ശുശ്രൂഷയിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയത്. നിർമാണത്തിന്റെ ഓർഗനൈസറായിരുന്നു. ചാക്കോപിള്ള, പൈലിപ്പിള്ള തുടങ്ങിയവരുമായി ചേർന്ന് അതിന്റെ ആരംഭം മുതലുള്ള കെട്ടുപണിയിൽ വിശ്രമമില്ലാതെ ജോലി ചെയ്തു.
1974 ജനുവരിയിലാണ് യാക്കോബായ സഭയുടെ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെടുന്നത്. മോറാൻ ഇഗ്നാത്തിയോസ് യാക്കോബ് മൂന്നാമനാണ് ദമാസ്കസിൽവച്ച് അദ്ദേഹത്തെ വാഴിച്ചത്. തുടർന്നാണ് മലങ്കര സഭയുടെ അജപാലന ദൗത്യ നിർവഹണം ഏറ്റെടുക്കുന്നത്.
1912 മുതലുള്ള സഭാന്തരീക്ഷം വ്യവഹാരങ്ങളും തർക്കങ്ങളും വിഭാഗീയതയും ഒക്കെ നിറഞ്ഞതായിരുന്നു. 1974 – 80 കാലഘട്ടത്തിൽ അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു. ആ കാലഘട്ടത്തിൽ സഭയ്ക്ക് ശക്തമായ നേതൃത്വം കൊടുക്കാൻ അദ്ദേഹവും ഗീവർഗീസ് മാർ ഗ്രീഗോറിയോസും ചേർന്ന് പോരാട്ടം നടത്തി. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിനു കീഴിൽ സഭയെ ഉറപ്പിച്ചുനിർത്താൻ വേണ്ടിയുള്ള ആ പോരാട്ടം സഭാ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ടു.
വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ദൈവം പകർന്നുനൽകിയ അറിവും വിജ്ഞാനവും അദ്ദേഹത്തെ ആരെയും ആകർഷിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയാക്കി. രാഷ്ട്രീയത്തിന് അതീതമായി എല്ലാ നേതാക്കളുമായും ആഴത്തിലുള്ള ആത്മബന്ധവും സൗഹൃദവും പുലർത്തിയിരുന്നു. ഇ എം എസ്, കെ കരുണാകരൻ, പിണറായി വിജയൻ, ഉമ്മൻചാണ്ടി തുടങ്ങി എല്ലാവരോടും ഇഴയടുപ്പമുള്ള ബന്ധം വച്ചുപുലർത്തി. ഇതര സഭകളോട് ആഴത്തിലുള്ള ബന്ധം പുലർത്തുന്നതിലും എന്നും ശ്രദ്ധിച്ചു. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിച്ച്, ആ വിശ്വാസം തന്റെ പ്രബോധനങ്ങളിലൂടെ പ്രചരിപ്പിച്ച്, സമഭാവനയുള്ള സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് അദ്ദേഹം പ്രയത്നിച്ചു. മറ്റുള്ളവരുടെ കണ്ണുനീരും നൊമ്പരങ്ങളും ഉള്ക്കൊണ്ട് സ്വയം കരഞ്ഞും വേദനപ്പെട്ടും അവരോട് സമരസപ്പെട്ട് ആശ്വസിപ്പിച്ച പിതാമഹൻ.
സഭയുടെ വളർച്ചയിൽ അമ്പതുവർഷക്കാലത്തെ അദ്ദേഹത്തിന്റെ അജപാലന ദൗത്യനിർവഹണം ഭദ്രാസന മെത്രാപോലീത്തയായും കാതോലിക്കയായും ചെയ്തുതീർത്തിട്ടുള്ളത് വിവരണാതീതമാണ്. ആധുനിക യാക്കോബായ സുറിയാനി സഭയുടെ ശിൽപ്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോൾ 2017ലെ സുപ്രീംകോടതി വിധിയുണ്ടാക്കിയ ആഘാതം അദ്ദേഹത്തിന്റെ മനസ്സിനെയും തളർത്തിയെന്നത് ഒരു വസ്തുതയാണ്. എന്തെല്ലാം നഷ്ടപ്പെട്ടാലും സത്യവിശ്വാസം കാത്തുസംരക്ഷിച്ച് തന്റെ മുൻഗാമികളിലൂടെ കൈമാറിത്തന്ന വിശ്വാസപൈതൃകം അനസ്യൂതം തുടരാൻ പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ദൈവസന്നിധിയിലുള്ള ഒന്നാം വാർഷികം വിശ്വാസി സമൂഹത്തെ ശക്തരാക്കും. ശ്രേഷ്ഠ ബാവായുടെ പ്രാർത്ഥന സഭയ്ക്ക് കാവലും കോട്ടയുമായിരിക്കട്ടെ.
