
തൃപ്പൂണിത്തുറ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി തൃപ്പൂണിത്തുറ പൗരാവലി. കഥകളി വേഷത്തിന്റെയും, മോഹിനിയാട്ട വേഷത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ശ്രേഷ്ഠ ബാവായെ ലായം കൂത്തമ്പലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ഗ്രേഷ്ഠ ബാവായെ വരവേൽക്കാൻ വിശ്വാസികൾ ഒഴുകിയെത്തി. വൈകിട്ടോടെ സ്റ്റാച്യു ജംഗ്ഷനിൽ എത്തിയ ശ്രേഷ്ഠ ബാവായെ ജന പ്രതിനിധികൾ, മത നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ നേത്യത്വത്തിൽ സ്വീകരിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമരത്ത് എത്തിയ തങ്ങളുടെ നാട്ടുകാരനായ ബാവായെ സ്വീകരിക്കാൻ ഒട്ടേറെ നാട്ടുകാരും എത്തിയിരുന്നു.
സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി രാജകുടുംബത്തിന്റെ ‘കോട്ട് ഓഫ് ആംസ്’ പാലസ് ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് എസ്. അനുജൻ തമ്പുരാൻ ബാവായ്ക്കു സമർപ്പിച്ചു. നഗര സഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ആൻറണി ഫ്രാൻസിസ്, തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, തൃപൂണിത്തുറ ജുമാ മസ്ജിദ് ഇമാം ഇബ്രാഹിം കാമിൽ സഖാഫി, സിപിഎം ഏരിയ സെക്രട്ടറി പി. വാസുദേവൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.വി. സാജു, ബിജെപി സിറ്റി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, കൗൺസിലർ ആന്റണി ജോ വർഗീസ്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. പൗലോസ് ചാത്തോത്ത്, ട്രൂറ ചെയർമാൻ വി.പി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
















