
തിരുവല്ല ● മതങ്ങൾക്കിടയിലെ അകലങ്ങൾ വളർത്തുന്ന സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് ദുസ്സൂചനയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. തിരുവല്ലയിൽ പൗരാവലിയുടെയും നിരണം ഭദ്രാസനത്തിൻ്റെയും നേതൃത്വത്തിൽ നൽകിയ പ്രൗഢോജ്ജ്വലമായ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ദൈവ-മനുഷ്യ ബന്ധങ്ങൾക്കിടയിൽ മതിലുകൾ ഉയരുമ്പോൾ മനുഷ്യബന്ധങ്ങൾ തകരുന്നു. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോളാണ് ദൈവീകത അനുഭവിക്കാനാവുന്നത്. എല്ലാവരും നല്ല മനുഷ്യരായി ജീവിക്കണമെന്നാണ് ആഗ്രഹം. സ്നേഹം, സൗഹൃദം, സഹോദര്യം എന്നിവയിലൂടെ മതങ്ങൾക്കതീതമായി ദൈവീകമായ കൈയ്യൊപ്പ് ഉണ്ടാകണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
മാർത്തോമാ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സാമുവേൽ മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത, സംവിധായകൻ ബ്ലസി, മാത്യു ടി. തോമസ് എംഎൽഎ, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ക്നാനായ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ, എസ്.എൻ.ഡി.പി അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ സെൻ്റ് ജോൺസ് കത്തീഡ്രലിൽ എത്തിയ ശ്രേഷ്ഠ ബാവായ്ക്ക് തിരുവല്ല രൂപതാധ്യക്ഷൻ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത സ്വീകരണം നൽകി. തിരുവല്ല നഗരസഭയും പൗരസമൂഹവും ചേർന്ന് നൽകിയ സ്വീകരണത്തിനു ശേഷം അമ്പിളി ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് സ്വീകരിച്ചു.

