
തൃപ്പൂണിത്തുറ ● മതവും വിശ്വാസവും മനുഷ്യരിൽ അകലങ്ങൾ സൃഷ്ടിക്കാതെ അടുത്ത് ചേർത്തു നിർത്തുന്ന തലങ്ങളിലേക്ക് വളരണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ തൃപ്പൂണിത്തുറ പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ക്രൈസ്തവ സഭകൾ നടത്തുന്ന സാമൂഹിക സേവന പദ്ധതികളിൽ മറ്റു മതസ്ഥർക്കും കൂടുതൽ പ്രാമുഖ്യം നൽകും. ലഹരി ഉപയോഗത്തിനടിമപ്പെട്ടവരെ അതിൽ നിന്നും മുക്തമാക്കുന്നതിനുള്ള സെൻ്ററുകളും പുനരധിവാസ കേന്ദ്രങ്ങളും കൂടുതൽ ഉണ്ടാകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
മതവൈരം അല്ലെങ്കിൽ മത തീവ്രവാദം എന്നത് വളരെ അപകടകരമായ ചിന്തയും, സമീപനവുമാണ്. പഴയ കാലത്ത് നിന്നൊക്കെ മാറി ഒരു കടയിൽ പോയി സാധനങ്ങൾ വാങ്ങണമെങ്കിൽ ആ കട ഹൈന്ദവന്റെതാണോ, ക്രിസ്ത്യാനിയുടെതാണോ, ഇസ്ലാമിന്റെതാണോ എന്ന് അന്വേഷിക്കുന്ന ഒരു കാലം എന്ന് പറയുന്നത് ഒരു അപകടകരമായ സൂചനയാണ്. ക്രൈസ്തവ സഭയുടെ ഒരു ശുശ്രൂഷകൻ എന്നുള്ള നിലയിൽ എല്ലാ മതങ്ങളിലേയും ആദരണീയരായവരും, ക്രൈസ്തവ വിശ്വാസത്തിലെ തന്നെ വിവിധ സഭകളിലെ ആളുകളും ഒരുമിച്ച് കൂടി ഒരു ആദരം നൽകുമ്പോൾ അത് നമ്മുടെ സംസ്കാരത്തിന്റെ തനിമയാണു സൂചിപ്പിക്കുന്നത്. അതുപോലെ തന്നെയാണ് ഭാരത്തിന്റെ സംസ്കാരം എന്നുള്ള നിലയിൽ ഹൈന്ദവ സംസ്കാരത്തെ ആരും തള്ളിപ്പറയേണ്ട ആവശ്യമില്ല. ഇന്നും ക്രൈസ്തവ സഭകളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഹൈന്ദവ സംസ്കാരത്തിന്റെ വലിയ സ്വാധീനം ഉണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
യുദ്ധങ്ങൾ ഒരിക്കലും ഏതെങ്കിലും ഒരു വിഷയത്തിന് പരിഹാരമല്ല. അതിർത്തി കടന്നുള്ള തീവ്രവാദവും നമുക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ല. യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല. യുദ്ധത്തിന്റെ അവസാനം കണക്കെടുപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മുടെ രാജ്യവും പാകിസ്ഥാനുമായി ഉണ്ടായ യുദ്ധം എത്രയോ വേഗം അവസാനിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്വമായി കാണുന്നതെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.

