
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഡൽഹി, മലബാർ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന, സത്യവിശ്വാസ സംരക്ഷണത്തിന്റെ കാവൽഭടനായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ശ്രാദ്ധപ്പെരുന്നാൾ കബറിടം സ്ഥിതി ചെയ്യുന്ന കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻ പള്ളിയിൽ ജൂൺ 21 ന് ആചരിക്കും.
കോട്ടയം ജില്ലയിലെ കുറിച്ചി പകലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലം കുടുംബത്തിൽ പരേതനായ ചാക്കോ ഏബ്രഹാംമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23 നാണ് ജനനം. ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവും വേദശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി.
പുണ്യശ്ലോകനായ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശ പട്ടവും കശ്ശീശ സ്ഥാനവും സ്വീകരിച്ചു. നിരണം ഭദ്രാസനത്തിലെ കാവുംഭാഗം സെന്റ് ജോർജ്, മേപ്രാൽ സെന്റ് ജോൺസ്, ചേപ്പാട് സെന്റ് ജോർജ്, കുന്നന്താനം സെന്റ് പീറ്റേഴ്സ്, പുറമറ്റം സെന്റ് ജോർജ്, ആഞ്ഞിലിത്താനം സെന്റ് മേരീസ്, കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ്, മഴുവങ്ങാട് സെന്റ് മേരീസ് എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
2012 ജനുവരി 2 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ ‘മോർ പോളിക്കാർപ്പോസ്’ എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. കേഫ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഡൽഹി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ചു. തുടർന്ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായി.
സാമൂഹ്യ – വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പിതാവിന് മാന്യ മിത്രാ, ഗുരുശ്രേഷ്ഠ, അഗതികളുടെ മിത്രം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സഭയിൽ വിശ്വാസ പ്രതിസന്ധികൾ ഉണ്ടാവുന്നിടത്തെല്ലാം വിശ്വാസികൾക്കൊപ്പം സത്യവിശ്വാസ സംരക്ഷണത്തിനായി തിരുമേനി പോരാടി. 2022 ജൂൺ 21 ന് കാലം ചെയ്ത് കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സൂനോറോ പുത്തൻ പള്ളിയിൽ കബറടങ്ങി. പുണ്യ പിതാവാന്റെ ഓർമ്മ അനുഗ്രഹമായി തീരട്ടെ.

