
തിരുവല്ല ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ
നാളെ (ജൂൺ 21 ശനി) തിരുവല്ലയിൽ സ്നേഹനിർഭരമായ സ്വീകരണം നൽകും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തിരുവല്ലയിൽ മലങ്കര കത്തോലിക്കാ സഭയുടെ സെന്റ് ജോൺസ് കത്തീഡ്രലിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യരായ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെൻ്റ് ജോൺസ് കത്തീഡ്രലിൽ നിന്നും സ്വീകരണ ഘോഷയാത്ര പുറപ്പെട്ട് തിരുവല്ല നഗരസഭാ കാര്യാലയത്തിൽ എത്തും. നഗരസഭയും പൗരസമൂഹവും ചേർന്ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകും.
തുടർന്ന് അമ്പിളി ജങ്ഷനിൽ നിന്ന് ബാവായെ സ്വീകരിച്ച് കാവുംഭാഗം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് ആനയിക്കും. വൈകിട്ട് 3.30 ന് അനുമോദന സമ്മേളനം നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കുറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. യോഗം മാർത്തോമ്മാ സഭാ അധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ റവ. സാമുവേൽ മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും മലങ്കര കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പ് തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയും അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. രാഷ്ട്രീയ, മത, സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, ഫാ. മത്ഥ്യാസ് കാവുങ്കൽ, ഫാ. റെജി മാത്യു, ലാബി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.

