
പുത്തൻകുരിശ് ● പൊതുസമൂഹത്തെ പ്രത്യേകിച്ച് വിദ്യാർത്ഥികളെയും യുവതലമുറയെയും കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. വലിയ സാമൂഹ്യ ദുരന്തമായി മാറി കൊണ്ടിരിക്കുന്ന വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് മുക്തി നേടാനും ലഹരിക്ക് അടിമപ്പെട്ടവരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരിച്ചു കൊണ്ടു വരുവാനും സഹായിക്കുന്ന ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു.
കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വെളിയനാട് വട്ടപ്പാറയിൽ ആദ്യ ഡി-അഡിക്ഷൻ സെൻ്റർ ആരംഭിക്കും. ആയതിൻ്റെ പ്രവർത്തനങ്ങൾക്കായി പ്രാരംഭ നടപടികൾക്ക് പരിശുദ്ധ സഭ തുടക്കം കുറിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിക്കുന്ന ഡി-അഡിക്ഷൻ സെൻ്ററിന്റെ ചുമതല ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തായ്ക്ക് ശ്രേഷ്ഠ ബാവ നൽകി.
കഴിഞ്ഞ ജൂൺ ആദ്യ വാരം ചേർന്ന പരിശുദ്ധ സഭയുടെ വാർഷിക സുന്നഹദോസിൽ കൈകൊണ്ട പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡി-അഡിക്ഷൻ സെൻ്ററുകൾ ആരംഭിക്കുക എന്നത്.
ജൂണ്‍ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് ലഹരി വിപത്തിനെ നേരിടുന്നതിനും, അതിജീവിക്കുന്നതിനും യുവജനങ്ങളേയും വിദ്യാര്‍ത്ഥികളേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഇടവക തലത്തിലും ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രത്യേകിച്ച് സൺഡേ സ്കൂൾ, വിദ്യാർത്ഥി പ്രസ്ഥാനം, യൂത്ത് അസ്സോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
