
കൊച്ചി ● ഹൃദയമില്ലാത്ത ലാഭക്കൊതിയും രാസലഹരിയും ജീവിതത്തിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്നതിനെ പ്രതിരോധിക്കാൻ മതത്തിന്റെ മതിൽക്കെട്ടുകളില്ലാത്ത സമുഹത്തിനു മാത്രമേ കഴിയുകയുള്ളുവെന്നു ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഭിപ്രായപ്പെട്ടു. എറണാകുളം പൗരാവലിയും കൊച്ചി നഗരസഭയും ചേർന്ന് എറണാകുളം ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു ശ്രേഷ്ഠ ബാവ.
മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും കൂടിവരവായി മാറിയ ഈ സമ്മേളന വേദിയിൽ ഇത്തരമൊരു വേദനിപ്പിക്കുന്ന വിഷയം സംസാരിക്കേണ്ടി വന്നതിന്റെ കാരണവും ബാവ വിശദീകരിച്ചു. 12 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്നു പത്തോളം സ്കൂളുകളുടെ യുണിഫോം കണ്ടെത്തിയ വിവരം കേട്ടുകൊണ്ടാണു ഈ വേദിയിലേക്കു വന്നതെന്നും ആ കുട്ടി സ്കൂളുകളിലേക്കു രാസലഹരി കടത്തുന്ന റാക്കറ്റിലെ കണ്ണിയാണെന്ന സത്യം ഞെട്ടിക്കുന്നതായിരുന്നെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സ്കൂളുകളിൽ പാഠപുസ്തകത്തിനപ്പുറം സാമൂഹിക മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ പ്രത്യേക സമയം നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കേണ്ടതാണെന്നും ബാവ പറഞ്ഞു. നന്മയുള്ള മനുഷ്യരുടെ കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണ്. തിന്മയെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിൽ വിഭാഗീയതയ്ക്ക് സ്ഥാനമില്ല. വ്യത്യസ്ത സംവാദങ്ങളും സംഭാഷണങ്ങളുമാണ് ആവശ്യം. അതിന് എല്ലാവർക്കും കൂട്ടായി ശ്രമിക്കാമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
മേയർ എം. അനിൽകുമാറിന്റെ അധ്യക്ഷതയിൽ മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു പോവുക എന്ന ദൗത്യമാണ് ഉത്തരവാദിത്വമേറ്റപ്പോൾ മുതൽ ശ്രേഷ്ഠ ബാവ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ വഴികളിൽ ധൈര്യത്തോടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സഭയെ നയിച്ചു. അതു തുടരാൻ ശ്രേഷ്ഠ ബാവയ്ക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. എം.കെ. സാനു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പുരോഹിതൻ സ്നേഹത്തിൻ്റെ വടവൃക്ഷമാണെന്നും ആ സ്നേഹഭാവത്തിന്റെ കർമ മാതൃകയാണു തന്റെ വിദ്യാർഥി കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവായെന്നും സാനു മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹൈബി ഈഡൻ എംപി ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാര സമർപ്പണം നടത്തി.
പ്രോഗ്രാം ജനറൽ കൺവീനർ ടി.ജെ. വിനോദ് എംഎൽഎ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അർഷദ് അൽ ബദ്രി വടുതല, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, നഗരസഭാ സ്ഥിര സമിതി അധ്യക്ഷ സീന ഗോകുലൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സമ്മേളനത്തിൽ വൈദീകരടക്കം നിരവധിപ്പേർ പങ്കെടുത്തു.

















6852273908844636717.jpg)
6506557149079456013.jpg)
1029496790531379794.jpg)

297064137142506829.jpg)