
പുത്തന്‍കുരിശ് ● കേരളത്തില്‍ വന്യജീവി ആക്രമണം മൂലം അടുത്തയിടെ നിരവധി മനുഷ്യര്‍ മരണപ്പെടുകയും, പലര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നം വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, സമാധാനമായി ജീവിക്കുവാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്വസ്ഥത നഷ്ടപ്പെടുത്തുന്നതുമാണെന്നും പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസ് വിലയിരുത്തി.
വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേതീരു. കാട് വന്യ ജീവികള്‍ക്ക് അവകാശപ്പെട്ടതുപോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസ് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റു കളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ഈ കാലത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിന് വനമേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ പരി. സഭയുടെ സഹകരണത്തോടെ വന – ജന സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുന്നതിന് തീരുമാനിച്ചു.
കഷ്ട- നഷ്ടങ്ങള്‍ അനുഭവിക്കുന്നമേഖലകള് സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണംമനസ്സിലാക്കി അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ വന-ജന നിയമങ്ങള്‍ അറിയുന്ന അഭിഭാഷക സമിതിയും സഹായത്തിനായി രൂപീകരിക്കും.
കര്‍ഷകരായ ജനതയുടെ ഇപ്പോഴത്തെ സാഹചര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും തീരുമാനം കൈകൊണ്ടു.
സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം യുവതലമുറയിലേയ്ക്കും, വിദ്യാര്‍ത്ഥി സമൂഹത്തിലേക്കും വ്യാപിക്കുന്നത് വലിയ സാമൂഹ്യ ദുരന്തമായി മാറുന്നു. ഈ വിപത്തിനെ നേരിടുന്നതിനും, അതിജീവിക്കുന്നതിനും യുവജനങ്ങളേയും വിദ്യാര്‍ത്ഥികളേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സഭാ തലത്തിലും, ഭദ്രാസന- മേഖല തലത്തിലും, ഇടവക തലത്തിലും സഭയിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ലഹരിക്കടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് ഡി-അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.
മെയ് മാസം 17, 18 തീയതികളില്‍ ഈജിപ്റ്റിലെ കെയ്റോയില്‍ ചേര്‍ന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനത്തില്‍ മലങ്കര സഭാ തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് മലങ്കരയിലെ ഇരുസഭകളുടേയും കാതോലിക്കമാരെ കെയ്റോയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തീരുമാനത്തെ പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സ്വാഗതം ചെയ്തു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സഭാതര്‍ക്കം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിക്കുവാന്‍ ബഹു. കേരള ഗവണ്മെന്റ് നാളിതുവരെ കൈകൊണ്ട നടപടികള്‍ക്ക് നന്ദി രേഖപ്പെടുത്തി. ബഹു. ഗവണ്മെന്റ് നിയോഗിച്ച നിയമ പരിഷ്ക്കരണ കമ്മീഷന് ശുപാര്‍ശ ചെയ്ത മലങ്കര ചര്‍ച്ച് ബില്‍ നടപ്പിലാക്കുവാന്‍ ബഹു. കേരള ഗവണ്മെന്റ് സത്വര നടപടി സ്വീകരിക്കണമെന്ന് പരി. സുന്നഹദോസ് അഭ്യര്‍ത്ഥിച്ചു. വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് രണ്ട് സഹോദരി സഭകളായി മുന്നോട്ട് പോകുന്നതിന് കേരള ഗവണ്മെന്റ് കൈകൊള്ളുന്ന എല്ലാ നടപടികളോടും തുടര്‍ന്നും സഹകരിക്കുമെന്ന് പരി. സുന്നഹദോസ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
പരി. നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് സഭാതലത്തില്‍ സഹോദരി സഭകളുടെ സഹകരണത്തോടെ അന്തര്‍ദേശീയ സെമിനാറും, ആഘോഷ പരിപാടികളും സംഘടിപ്പിക്കും.
ഭാരതത്തില്‍ ജനാധിപത്യ സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് തന്നെ 1876 -ല്‍ മുളന്തുരുത്തിയില്‍ പരി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് മലങ്കര സഭയില്‍ ജനാധിപത്യ സംവിധാനത്തിന് തുടക്കം കുറിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് പരി. സഭയിലുള്ള ഭദ്രാസനങ്ങളും, ജനാധിപത്യ ഭരണ ക്രമീകരണങ്ങളും. ചരിത്ര പ്രാധാന്യമുള്ള മുളന്തുരുത്തി സുന്നഹദോസിന്റെ (150 വാര്‍ഷികം) ശതോത്തര സുവര്‍ണ്ണ ജൂബിലി വിവിധങ്ങളായ പരിപാടികളോടെ സാഘോഷം കൊണ്ടാടുന്നതിന് തീരുമാനിച്ചു.
നമ്മുടെ നാട് വിട്ട് വിദേശത്ത് പോകുന്ന യുവതലമുറയ്ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും നമ്മുടെ നാട്ടില്‍തന്നെ ക്രമീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാകുന്നതിന് കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകള് നടപടിയെടുക്കണമെന്നും പരി. സഭയുടെ നേതൃത്വത്തിലും ഇതിനുവേണ്ട ഇടപെടലുകളുണ്ടാകണമെന്നും നിശ്ചയിച്ചു.
പരി. സഭയുടെ മുഖ്യധാരയിലേക്ക് യുവജനതയെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുവാനും സഭാ ശുശ്രൂഷയില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും വേണ്ട തീരുമാനം കൈകൊണ്ടു. ആരാധനാ കാര്യങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും.
പരി. സഭയിലെ ആത്മീയ സംഘടനകള്‍ക്കും, വിവിധ പ്രസ്ഥാനങ്ങള്‍ക്കും താഴെപറയുന്ന മെത്രാപ്പോലീത്താമാരെ ചുമതലയേല്‍പ്പിച്ചു.
സണ്ടേസ്കൂള്‍ അസ്സോസിയേഷന്- അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ്, യൂത്ത് അസ്സോസിയേഷന്- അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, വി. മര്‍ത്തമറിയം വനിതാ സമാജം- അഭി. സഖറിയാസ് മോര് പീലക്സിനോസ്, വിദ്യാര്‍ത്ഥി പ്രസ്ഥാനം- അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഖില മലങ്കര വൈദീക സംഘം- അഭി. ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ്, അഖില മലങ്കര സുവിശേഷ മഹായോഗം- അഭി. ഡോ. ഏലിയാസ് മോര് അത്താനാസിയോസ്, ജെ.എസ്.സി. മിഷന് & ബിബ്ളിക്കല്‍ അക്കാദമി- അഭി. മാത്യൂസ് മോര് തീമോത്തിയോസ്, സെന്റ് പോള്‍സ് മിഷന്- ഡോ. ഗീവര്‍ഗ്ഗീസ് മോര് കൂറിലോസ്, തീര്‍ത്ഥയാത്രാ സംഘം- അഭി. കുര്യാക്കോസ് മോര് ദിയസ്ക്കോറസ്, എൽഡേഴ്സ് ഫോറം- അഭി. പൗലോസ് മോര് ഐറേനിയോസ്.
ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ രണ്ട് ദിവസമായി നടന്ന സുന്നഹദോസില്‍ 25 മെത്രാപ്പോലീത്താമാര്‍ പങ്കെടുത്തു.

