
പുത്തന്‍കുരിശ് ● സഭയുടെ പൈതൃകം സംരക്ഷിച്ച് സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി ഐക്യത്തോടെ സഭകള്‍ മുന്നേറണമെന്ന് പരി. യാക്കോബായ സുറിയാനി സഭയുടെ പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ ധ്യാന പ്രസംഗം നടത്തികൊണ്ട് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവാ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവാ സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി ചേരുന്ന സുന്നഹദോസിന് എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവായെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷിക എപ്പിസ്കോപ്പല്‍ സുന്നഹദോസ് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യാക്കോബായ സുറിയാനി സഭയിലെ 22 മെത്രാപ്പോലീത്താമാര്‍ സുന്നഹദോസില്‍ പങ്കെടുക്കുന്നു.
മെത്രാപ്പോലീത്താമാരുടെ വാര്‍ഷിക ധ്യാനവും, സഭാ സംബന്ധമായ പ്രധാനപ്പെട്ട കാര്യങ്ങളും ഈ വാര്‍ഷിക സുന്നഹദോസിലാണ് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.









