
എറണാകുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് എറണാകുളം നഗരത്തിന്റെ സ്നേഹാദരവ്.
എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും അനുമോദനവും നൽകും. പൗരസ്വീകരണ സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും. കേരള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. എറണാകുളം എം.പി. ഹൈബി ഈഡൻ ഉപഹാരം സമർപ്പിക്കും. എറണാകുളം എം.എൽ.എ യും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറുമായ ടി.ജെ. വിനോദ് സ്വാഗതം ആശംസിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രൊഫ. എം.കെ. സാനു മാസ്റ്റർ, വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന് റവ. ഡോ. ആന്റണി വാലുങ്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അർഷദ് അൽ ബദ്രി വടുതല, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു), കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ എന്നിവർ പ്രസംഗിക്കും. സാമൂഹ്യ, രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മറുപടി പ്രസംഗം നടത്തും.
സഭയുടെ ഉന്നത ആത്മീയ നേതൃത്വത്തിലേക്കുയർന്നതിനും സമൂഹ സേവനത്തിലെ സമർപ്പണത്തിനുമുള്ള ആദരവായാണു സ്വീകരണമെന്നു ജനറൽ കൺവീനർ ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു. യാക്കോബായ സഭയുടെ ആധ്യാത്മിക പ്രതിഷ്ഠയുടെ പ്രതീകമായ നവാഭിഷിക്ത ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് എറണാകുളം പൗരാവലിയുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നവിധം മഹത്തായ പൗരസ്വീകരണ സമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ സ്വീകരണം, വിശ്വാസം, മതസൗഹാർദം, ആധ്യാത്മികത എന്നിവയുടെ ഒത്തുചേരലും സഭയുടെയും സമൂഹത്തിന്റെയും ഒരുമയുടെയും ശക്തിയുടെയും ഉജ്ജ്വല പ്രതീകവുമാണെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.
