മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും, 72-ാം ജന്മദിനാഘോഷവും മെയ് 1 വെള്ളിയാഴ്ച മുളന്തുരുത്തി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
മുളന്തുരുത്തി ദയ ചാരിറ്റബിൾ ട്രസ്റ്റ്, പൗരാവലി, വൈ.എം.സി.എ, സാമുദായിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൈകിട്ട് 4.30-നു നടത്തുന്ന സമ്മേളനം മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിക്കും.
വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ ജീവചരിത്രം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്യും. ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രനും, ഡോക്യുമെന്ററി പ്രകാശനം നടൻ സൗബിൻ ഷാഹിറും നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ റീസ് പുത്തൻവീട്ടിൽ, ബോബി പോൾ, ജോൺ ജോയി തുടങ്ങിയവർ അറിയിച്ചു.
മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവാംഗമായ സ്ലീബാ അച്ചൻ 1955 മേയ് 1-ന് ചരിത്രപ്രസിദ്ധമായ കാട്ടുമങ്ങാട്ട് കുടുംബത്തിൽ ജനിച്ചു. 1973 ജൂൺ 6-ന് മഞ്ഞിനിക്കര ദയറായിൽ വെച്ച് പാത്രിയർക്കാ പ്രതിനിധി അഭിവന്ദ്യ മോർ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തയിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. വന്ദ്യ അച്ചനോടൊപ്പം അഭിവന്ദ്യരായ ബന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ ഉൾപ്പെടെ ആറു പേർ ശെമ്മാശ പട്ടം സ്വീകരിച്ചിരുന്നു.
1976 മാർച്ച് 14-ന്, തന്റെ 21-ാം വയസ്സിൽ മലേകുരിശ് ദയറായിൽ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയിൽ നിന്നാണ് കശ്ശീശ സ്ഥാനം സ്വീകരിച്ചത്. കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരുന്നു. സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം 1976-ൽ ഡൽഹി സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു. തുടർന്ന് ഗുജറാത്തിലെ ഗാന്ധിധാം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പള്ളികൾക്ക് തുടക്കം കുറിച്ചു. മസ്കറ്റ്, ചിങ്ങവനം ദയറാ പള്ളി, മാമംഗലം പള്ളി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ മുളന്തുരുത്തി പള്ളിയിൽ വികാരിയായി തുടരുന്നു. 1998 മാർച്ച് 20-ന് ദമാസ്കസിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വെച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവയാണ് അദ്ദേഹത്തെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തിയത്. സഭയുടെ പ്രതിസന്ധികളുടെ നാളുകളിൽ പീഡനങ്ങൾ സഹിച്ചും സത്യവിശ്വാസം മുറുകെപ്പിടിച്ചും കരുത്തായി നിലകൊണ്ട വൈദികനാണ് അദ്ദേഹം.
വിശുദ്ധനാട് തീർഥാടനത്തിലൂടെയാണ് അച്ചൻ കൂടുതൽ ശ്രദ്ധേയനായത്. പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ പിന്തുണയോടെ 1994 മുതലാണ് വിശുദ്ധനാട് തീർഥാടനം ആരംഭിച്ചത്. കഴിഞ്ഞ 32 വർഷമായി മൂന്നര ലക്ഷത്തോളം തീർത്ഥാടകരെ വിശുദ്ധനാട്ടിലേക്ക് നയിച്ചിട്ടുണ്ട്. 3,500-ലധികം തീർത്ഥാടന യാത്രകൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ വിശ്വപ്രസിദ്ധമാണ്. ജറുസലേമിലെ തീർത്ഥാടന കേന്ദ്രത്തിൽ മലയാള ഭാഷയിൽ പ്രാർത്ഥനകൾ ആലേഖനം ചെയ്യുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. ‘ചിറകു വിരിച്ച ആകാശയാത്രകൾ’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വിദേശയാത്രകളുടെയും സന്ദർശനങ്ങളുടെയും ചരിത്രരേഖയാണ്.
സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

