
ക്രാക്കോവ് ● മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മെയ് 2, 3, 4 തീയതികളില്‍ പോളണ്ടിലെ ക്രാക്കോവിൽ നടന്ന എട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് ആത്മീയ ഉണർവേകിയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി സമാപിച്ചു.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോര് തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി. പോളിഷ് ഓർത്തഡോക്സ് സഭയുടെ റവ. ഡോ. വ്ലാഡിമിര്‍ മുഖ്യാതിഥി ആയിരുന്നു.
കുട്ടികൾക്കും യുവതി-യുവാക്കൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ക്രമീകരിച്ച ക്ലാസ്സുകൾക്കും ചർച്ചകൾക്കും വിവിധ പരിപാടികൾക്കും വിയന്നയില്‍ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ. ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ. ഡോ. തോമസ് ജേക്കബ് മണിമല, റവ. ഫാ. എൽദോസ് വട്ടപറമ്പിൽ, റവ. ഫാ. എൽജോ അവറാച്ചൻ, റവ. ഫാ. പോൾ പി. ജോർജ്, റവ. ഫാ. ബിജോ എലിയാസ്, റവ. ഫാ. രെഞ്ചു കുര്യൻ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കും കൗമാരക്കാർക്കും ആയി പ്രത്യേകം നടത്തിയ പ്രോഗ്രാമുകൾക്ക് യൂറോപ്പ് ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ ശ്രീ. സുധിഷ് മാത്യു, ശ്രീമതി. സിന്ധു അബ്ജിൻ, ശ്രീ. വിനീത് വർഗീസ്, ശ്രീമതി. ലിയ എൽദോസ്, ശ്രീമതി. ലിസി മോൻസി, ശ്രീമതി. ജോമോൾ ജോഷി, എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. ഞായറാഴ്ച ക്രാക്കോവിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ ഫൗസ്റ്റിനയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്സി കത്തീഡ്രൽ ചാപ്പലിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും കോൺഫറൻസ് അംഗങ്ങൾ സംബന്ധിക്കുകയും ചെയ്തു. അതിനുശേഷം ചരിത്രപ്രസിദ്ധമായ ക്രാക്കോവിലെ ദൈവാലയങ്ങളും പഴയ പട്ടണവും സന്ദർശിച്ചു.
യൂറോപ്പിലെ 13 രാജ്യങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവജനങ്ങൾ കടന്നു വരുന്ന പശ്ചാത്തലത്തിൽ സെക്കുലറിസത്തിൻ്റെയും അതിരുകളില്ലാത്ത സ്വാതന്ത്രത്തിന്റെയും വിശാലമായ ലോകത്തിൽ ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും, വിശ്വാസത്തിലും ആരാധനയിലും മൂല്യബോധങ്ങളിലും ഭദ്രമായ കുടുംബ ജീവിതത്തിലും പുതിയ സാഹചര്യങ്ങളിൽ അവരെ ഉറപ്പിച്ചു നിർത്താമെന്നുള്ളതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട കോൺഫറൻസിന് ചീഫ് കോർഡിനേറ്റർ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറിയും കോൺഫറൻസ് ജനറൽ കൺവീനറുമായ വന്ദ്യ വെട്ടിക്കാട്ടിൽ ജോഷ്വാ റമ്പാൻ, ഭദ്രാസന പി.ആർ.ഒ. ശ്രീ. ജോളി തുരുത്തുമ്മേൽ, ക്രാക്കോവ് ഇടവകയുടെ കൺവീനേർസ് ശ്രീ. ക്രിസ്റ്റോ യോഹന്നാൻ, ശ്രീ. അബ്ലിൻ എൽസൺ, ശ്രീ. വിനീത് തോമസ്, മറ്റു ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.








