
പുത്തൻകുരിശ് ● പഹല്‍ഗാം ഭീകരാക്രമണത്തിൽ ജീവന് നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവുന്നതല്ലെന്നും സഭയുടെ പ്രാർത്ഥനയും മാനസിക പിന്തുണയും കുടുംബത്തിനൊപ്പമുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരിലെ തീവ്രവാദ പ്രവർത്തനം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിൻ്റെ അഖണ്ഡതയെയും ഐക്യത്തെയും സമാധാനത്തെയും തകർക്കുന്ന ഇത്തരം അക്രമ സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാൻ ഇടയാകരുത്.
രാജ്യത്തിൻ്റെ സുരക്ഷ പരമ പ്രധാനമായിക്കണ്ട് രാഷ്ട്രീയവും മത വിഭാഗീയതയും ഇല്ലാതെ ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടികളെടുക്കേണ്ട സമയമാണിത്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്നും ഭീകരതക്കെതിരെ രാജ്യം കൈകൊള്ളുന്ന നടപടികൾക്ക് സഭയുടെ പൂർണ പിന്തുണയുണ്ടെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.







