മുളന്തുരുത്തി ● പെരുമ്പള്ളി സെൻ്റ് ജോർജ് സിറിയൻ സിംഹാസന ബെത് സബ്റൊ പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനും, പുണ്യവാന്മാരായ ഏലിയാസ് മോർ യൂലിയോസ് ബാവ, പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി എന്നിവരുടെ ശ്രാദ്ധപ്പെരുന്നാളിനും ഭക്തിനിർഭരമായ തുടക്കം.
ഫെബ്രുവരി 19 വ്യാഴാഴ്ച മഞ്ഞിനിക്കരയിലെ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ നിന്നും കൊണ്ടുവന്ന ദീപശിഖയിൽ നിന്നും പെരുമ്പള്ളി തിരുമേനിയുടെ കബറിങ്കലെ നിലവിളക്കിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. സന്ധ്യാപ്രാർത്ഥനയ്ക്കും കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കും ശേഷം കൊടിയേറ്റ് നടന്നു. ഇന്ന് ഫെബ്രുവരി 20 വെള്ളി വൈകിട്ട് 6-ന് എം.എസ്.ഒ.ടി വൈദിക സെമിനാരിയുടെ നേതൃത്വത്തിൽ സുറിയാനിയിൻ സന്ധ്യാപ്രാർത്ഥനയും ധൂപപ്രാർത്ഥനയും പ്രദക്ഷിണവും ഉണ്ടായിരുന്നു.
നാളെ ഫെബ്രുവരി 21 ശനി രാവിലെ 7-ന് പ്രഭാതപ്രാർത്ഥന, 8-ന് വന്ദ്യ ബേബി ഇച്ചിരവേലിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന,
തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4-ന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നും ഇരുചക്ര വാഹന തീർഥയാത്ര ആരംഭിക്കും. വിവിധ ദൈവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുണ്യപിതാവിന്റെ തൃക്കബറിൽ എത്തിച്ചേരും. വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, തീർത്ഥാടകർക്ക് സ്വീകരണം, അത്താഴ ഊട്ട് എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 22 ഞായർ രാവിലെ 7-ന് പ്രഭാതപ്രാർത്ഥന, 8-ന് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് ഇടയസങ്കീർത്തനങ്ങൾ 2026 വിജയികൾക്ക് പെരുമ്പള്ളി തിരുമേനി അനുസ്മരണ എവർറോളിംഗ് ട്രോഫി സമ്മാനിക്കും. പെരുമ്പള്ളി തിരുമേനി സ്മാരക സമിതി ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം നടക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ. ബാബു എലിയാസ് തെക്കുംപുറത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
