പുതുപ്പള്ളി ● തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിൽ വിശുദ്ധ പിതാക്കന്മാരായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളും യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ദുഃഖ്റോനോ പെരുന്നാളും സംയുക്തമായി ഇന്നും നാളെയും ആചരിക്കും.
പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി കൊടിയേറ്റ്, ദൈവാലയ പ്രവേശന പെരുന്നാൾ, മോർ ബർസൗമായുടെ ഓർമ്മ, ഇടവക ദിനം, ധ്യാനം, മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് സ്വീകരണം എന്നിവ നടന്നു.
ഇന്ന് ഫെബ്രുവരി 14 ശനി 6 -ന് സന്ധ്യാനമസ്കാരം, 7-ന് യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രഭാഷണം നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത നിർവഹിക്കും. പുതുപ്പള്ളി സെന്റ് ജോർജ്, പുതുശ്ശേരി സെൻ്റ് സൈമൺസ് എന്നീ ഇടവകകളിൽനിന്ന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് സ്വീകരണം നൽകും.
8-ന് പുണ്യ പിതാവ് വൈദിക വിദ്യാഭ്യാസം ആരംഭിച്ച തൃക്കോതമംഗലം മോർ ശർബിൽ ദയറായിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം, വി. മോറാൻ്റെ നാമത്തിലുള്ള കുരിശടിയിൽ ധൂപപ്രാർത്ഥന, 9-ന് സൂത്താറ നമസ്കാരം, ആശിർവാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 15 ഞായർ 7.45-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് വരവേൽപ്പ് നൽകി ദൈവാലയത്തിലേക്ക് ആനയിക്കും. 8-ന് പ്രഭാത നമസ്കാരം, 9-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 10.30-ന് അനുഗ്രഹ പ്രഭാഷണം, സണ്ടേസ്കൂൾ കുട്ടികൾക്ക് സമ്മാനവിതരണം, ആശിർവാദം, പ്രദക്ഷിണം എന്നിവ നടത്തപ്പെടും.
12-ന് മോർ തീമോത്തിയോസ് ജന്മശതാബ്ദി സ്മാരക സമുച്ചയത്തിൻ്റെ കൂദാശ ശ്രേഷ്ഠ ബാവ നിർവഹിക്കും.12.30-ന് നേർച്ചസദ്യ, 3-ന് കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും. വികാരി ഫാ. ജേക്കബ് നൈനാൻ ഇലപ്പനാൽ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
