വിയന്ന ● ഓസ്ട്രിയ ആസ്ഥാനമായുള്ള ക്രൈസ്തവ സഭൈക്യ സംഘടനയായ പ്രോ ഓറിയന്റെ (PRO ORIENTE) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുറിയാനി പാരമ്പര്യ സഭകളുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം ജൂൺ 29 മുതൽ ജൂലൈ 3 വരെ ഓസ്ട്രിയയിലെ ക്ലോസ്റ്റർനോയ്ബർഗ് ആബെയിൽ നടന്നു.
“യൂറോപ്പിൽ ഭവനത്തിൽ – മാതൃദേശങ്ങളുമായി സംവാദത്തിൽ: ആരാധനക്രമ എക്യുമെനിസം” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ സുറിയാനി പാരമ്പര്യമുള്ള വിവിധ സഭകളിലെ മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വൈദികർ, ദൈവശാസ്ത്രജ്ഞർ, ഗവേഷകർ, സർവകലാശാല പ്രതിനിധികൾ, റോമിലെ ക്രൈസ്തവ ഐക്യ പ്രോത്സാഹന ഡിക്കാസ്റ്ററിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സുറിയാനി പാരമ്പര്യത്തിലെ യുവ അൽമായ നേതാക്കളെയും ശുശ്രൂഷ പ്രവർത്തകരെയും പങ്കെടുപ്പിച്ച പ്രത്യേക ശിൽപശാലയും സമ്മേളനത്തോടനുബന്ധിച്ച് നടന്നു.
കുടിയേറ്റവും പ്രവാസജീവിതവും യൂറോപ്യൻ സമൂഹങ്ങളിലെ സഭാജീവിതവും എന്ന പശ്ചാത്തലത്തിൽ ആരാധനക്രമം സഭയുടെ ദൈവശാസ്ത്രത്തെയും സഭാസ്വത്വത്തെയും വിശ്വാസസമൂഹ ജീവിതത്തെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി ചർച്ചകളും ദൈവശാസ്ത്ര സംവാദങ്ങളും നടന്നു.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിയന്നയിലെ സുറിയാനി ഓർത്തഡോക്സ് ഇടവക സന്ദർശിച്ച പ്രതിനിധികൾ ഓസ്ട്രിയയിൽ പുതുതായി സ്ഥാപിതമായ സുറിയാനി ദൈവാലയവും ഇടവക പ്രവർത്തനങ്ങളും പരിചയപ്പെട്ടു. വൈദികർ, ഇടവക പ്രതിനിധികൾ, വിശ്വാസികൾ, വിവിധ സുറിയാനി സഭകളിലെ അംഗങ്ങൾ എന്നിവരുമായി നടന്ന കൂടിക്കാഴ്ചയിൽ യൂറോപ്പിലെ സുറിയാനി ക്രൈസ്തവ സമൂഹങ്ങളുടെ വിശ്വാസസാക്ഷ്യവും സഭാജീവിതവും നേരിട്ട് മനസ്സിലാക്കുന്നതിനും അവസരമൊരുങ്ങി.
മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത “Preserving Identity, Negotiating Integration: Liturgy and Inculturation among Malankara Syriac Orthodox Communities in Europe” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. യൂറോപ്പിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സമൂഹങ്ങളുടെ സഭാസ്വത്വ സംരക്ഷണം, ആരാധനക്രമ പാരമ്പര്യം, പ്രാദേശിക സംസ്കാരവുമായുള്ള സമന്വയം എന്നിവയെ ആസ്പദമാക്കിയ പ്രബന്ധം സമ്മേളനത്തിൽ ശ്രദ്ധേയമായി.








