തൊട്ടിക്കാനം ● മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.ഡബ്ല്യു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ 8.93 സി.സി.പി.എ. നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡെല്ല മെറിൻ ജോർജിനെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് ആദരിച്ചു.
സർവകലാശാലാ തലത്തിൽ ബി.എസ്.ഡബ്ല്യു വിഭാഗത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സ്കോറാണ് ഡെല്ല സ്വന്തമാക്കിയത്. രാജാക്കാട് സാൻജോ കോളേജ് വിദ്യാർഥിനിയാണ് ഡെല്ല.
ഹൈറേഞ്ച് മേഖലയിലെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കുന്നത്ത് ജോർജിന്റെയും സാലിയുടെയും രണ്ടാമത്തെ മകളാണ് ഡെല്ല.
ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ പള്ളി വികാരി ഫാ. എൽദോസ് പോൾ പുൽപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഡെല്ലയെ അനുമോദിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ട്രസ്റ്റിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

