ചിയാങ് മായി (തായ്ലൻഡ്) ● ഏഷ്യയിലെ സഭകൾ നേരിടുന്ന പുതിയ വെല്ലുവിളികൾക്കും മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കും അനുയോജ്യമായ പ്രവർത്തന ദിശകൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) പ്രോഗ്രാം കമ്മിറ്റി യോഗം തായ്ലൻഡിലെ ചിയാങ് മായിലുള്ള സിസിഎ ആസ്ഥാനത്ത് മെയ് 29, 30 തീയതികളിൽ ചേർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനവും 2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മാർഗരേഖ രൂപീകരണവുമായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.
സിസിഎ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര ഉദ്ഘാടന പ്രസംഗത്തിൽ പ്രോഗ്രാം കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും പ്രവർത്തന അവലോകന നടപടിക്രമങ്ങളും വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഏഷ്യൻ സാഹചര്യത്തിൽ സഭകൾ നിരവധി വെല്ലുവിളികൾ നേരിടുന്നതായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സിസിഎയുടെ സാക്ഷ്യവും ശുശ്രൂഷകളും കാലഘട്ടത്തിനനുസൃതവും പ്രതികരണശേഷിയുള്ളതും പ്രവാചകസ്വഭാവമുള്ളതുമായിരിക്കേണ്ടതിന്റെ ആവശ്യകതയും മെത്രാപ്പോലീത്ത ഊന്നിപ്പറഞ്ഞു.
ജനറൽ സെക്രട്ടറി-ഇലക്ട് റവ. ജംഗ് യൂൻ മൂൺ ഗ്രേസ് പ്രോഗ്രാം കോർഡിനേറ്റർമാരോടൊപ്പം 2024–2026 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2024 മെയ് മുതൽ 2026 മെയ് വരെ നടപ്പാക്കിയ 44 പദ്ധതികളും പരിപാടികളും കമ്മിറ്റി വിശദമായി വിലയിരുത്തി.
തായ്ലൻഡ്–മ്യാൻമർ അതിർത്തിയിലുള്ള മേ സോട്ട് അഭയാർഥി ക്യാമ്പുകളിലെ ബൈബിൾ സ്കൂൾ അധ്യാപകർക്കായുള്ള ഏക്യുമെനിക്കൽ പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള അപകടസാധ്യതയേറിയ സാഹചര്യങ്ങളിലെ പ്രവർത്തനങ്ങൾക്ക് സിസിഎയുടെ ‘എക്യുമെനിക്കൽ എനേബ്ലേഴ്സ് പ്രോഗ്രാം’ കമ്മിറ്റി പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മുൻഗണനകൾ ചർച്ച ചെയ്ത കമ്മിറ്റി, ഏഷ്യൻ പശ്ചാത്തല ദൈവശാസ്ത്രം, കുടിയേറ്റവും ഡയസ്പോറ സഭകളും, ഏക്യുമെനിക്കൽ പ്രവർത്തകരുടെ പരിശീലനം, യുവതലമുറയുടെ ഏക്യുമെനിക്കൽ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ അടുത്ത മൂന്നു വർഷത്തെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു. ഏഷ്യ മിഷൻ കോൺഫറൻസിനെയും കോൺഗ്രസ് ഓഫ് ഏഷ്യൻ തിയോളജിയൻസിനെയും (CATS) സംബന്ധിച്ചും നിർദേശങ്ങൾ മുന്നോട്ടുവച്ചു.
സിസിഎയുടെ പദ്ധതികളുടെ ഫലപ്രാപ്തി, സ്ഥിരത, ദീർഘകാല സ്വാധീനം എന്നിവ കൂടുതൽ കൃത്യമായി വിലയിരുത്തുന്നതിനായി മൂല്യനിർണയ സംവിധാനങ്ങളും പ്രഭാവമാപന രീതികളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സഭാപാരമ്പര്യങ്ങൾക്കും വിഭാഗങ്ങൾക്കും ഒരുപോലെ പ്രായോഗികവും പ്രസക്തവുമായ സദ്ഭരണ തത്വങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള മാർഗരേഖകളും വികസിപ്പിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു.
ഹോങ്കോങ് ക്രിസ്ത്യൻ കൗൺസിലിലെ സുക്-യി പാങ് ബൈബിൾ സന്ദേശം നൽകി. പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ സൃഷ്ടിയുടെ സംരക്ഷകരായും പ്രത്യാശയുടെ ദൂതരായും സഭകൾ തങ്ങളുടെ ദൗത്യം പുതുക്കിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്തു.







