ന്യൂഡൽഹി ● മിലിറ്ററി നഴ്സിങ് സർവീസിൽ (എം.എൻ.എസ്) അഡിഷനൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. ഈ പദവി വഹിച്ചിരുന്ന ചങ്ങനാശേരി സ്വദേശിനിയായ മേജർ ജനറൽ പി.വി. ലിസമ്മ നാലു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം വിരമിച്ച ഒഴിവിലാണ് നിയമനം. എം.എൻ.എസിലെ ഏറ്റവും ഉയർന്ന പദവിയാണിത്.
പത്തനംതിട്ട സ്വദേശിയായ മേജർ ജനറൽ റേച്ചൽ തോമസ്, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിന് കീഴിലെ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനം പൂർത്തിയാക്കിയ ശേഷം 1988-ലാണ് മിലിറ്ററി നഴ്സിങ് സർവീസിൽ കമ്മിഷൻ ചെയ്തത്.
മുംബൈ ഭദ്രാസനത്തിലെ നെരൂൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ മേജർ റേച്ചൽ തോമസിന്റെ മാതൃ ഇടവക തുമ്പമൺ ഭദ്രാസനത്തിലെ വി.കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ്.
