ഓസ്ട്രിയ ● മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഓസ്ട്രിയയിലെ വ്യവസായ നഗരമായ ലിൻസിൽ ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. മെയ് 30 ശനിയാഴ്ച രാവിലെ 10.30-ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ശുശ്രൂഷകൾ നടന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉന്നത വിദ്യാഭ്യാസത്തിനായി ലിൻസിലെത്തിയ വിദ്യാർഥികൾക്കും, അവിടെ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾക്കും ഈ ആരാധന ഉദാത്തമായ ആത്മീയ കൂട്ടായ്മയുടെ വേദിയായി മാറി.
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ഇടവക വികാരിയും, യൂറോപ്പ് ഭദ്രാസന സെക്രട്ടറിയുമായ വന്ദ്യ ജോഷ്വ റമ്പാൻ വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
വിശ്വാസികൾ എവിടെയായിരുന്നാലും സഭാജീവിതത്തിലും ആരാധനയിലും സജീവമായി പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ റമ്പാച്ചൻ ഉദ്ബോധിപ്പിച്ചു. സുറിയാനി പാരമ്പര്യത്തോടും സഭയുടെ ആത്മീയ പൈതൃകത്തോടും വിശ്വസ്തത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലിൻസിലെ കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയത്തിലായിരുന്നു വിശുദ്ധ കുർബ്ബാന ക്രമീകരിച്ചിരുന്നത്. വികാരി ഫാ. ജോഹന്നസ് ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി.
ഭദ്രാസന കൗൺസിലിനെ പ്രതിനിധീകരിച്ച് ജോൺസൺ വാഴലാനിക്കൽ, കമാൻഡർ ജോർജ് പടിക്കക്കുടി എന്നിവർ പങ്കെടുത്തു. വിയന്ന ഇടവക ട്രഷറർ സുനിൽ കോര, ജോയിന്റ് സെക്രട്ടറി ആൽബർട്ട് ഉള്ളൂരിക്കര, യൂത്ത് സെക്രട്ടറി റോബിൻസ് ഉള്ളൂരിക്കര, മദ്ബഹ ശുശ്രൂഷക ലീഡർ ജോളി തുരുത്തുമ്മേൽ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. ലിൻസ് കോൺഗ്രിഗേഷന്റെ കോർഡിനേറ്റർമാരായ എൽദോ മാത്യു, ബേസിൽ ബ്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്രപരമായ ഈ ശുശ്രൂഷ വിജയകരമായി സംഘടിപ്പിച്ചത്.
വിശുദ്ധ കുർബ്ബാനയ്ക്കുശേഷം ലിൻസ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കി. എൽദോ മാത്യു, ശ്രീ. ഷിബു ജോൺ, സിബി എബ്രഹാം, ബേസിൽ ബ്രീസ്, ശ്രീമതി നീനു എന്നിവർ നേതൃത്വം നൽകിയ സ്നേഹവിരുന്ന് വിശ്വാസികൾക്കിടയിലെ സൗഹൃദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന അനുഭവമായി മാറി.


