ബാംഗ്ലൂർ ● സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ക്രിസ്ത്യൻ എത്തിക്സിൽ വന്ദ്യ കൗമ റമ്പാച്ചൻ ഡോക്ടറേറ്റ് കരസ്ഥമാക്കി.
നിലവിൽ ബാംഗ്ലൂർ ക്വീൻസ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായ അദ്ദേഹം, ബാംഗ്ലൂർ ഭദ്രാസനത്തിൻ്റെ മാനേജറായും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പ്രോഗ്രാം ഡയറക്ടറായും സേവനം അനുഷ്ഠിച്ചുവരുന്നു.
സുറിയാനി ഭാഷയിൽ പാണ്ഡിത്യമുള്ള അദ്ദേഹം ശ്രദ്ധേയനായ വാഗ്മി കൂടിയാണ്. സേലത്തെ വിനായക മിഷൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം, പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഉന്നത ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം എം.എസ്.ഒ.ടി വൈദിക സെമിനാരിയിൽ ചേർന്നത്. അവിടെ നിന്ന് ബി.ഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) ഒന്നാം റാങ്കോടെ വിജയകരമായി പൂർത്തിയാക്കി.
തുടർന്ന് ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എം.ടി.എച്ച് (മാസ്റ്റേഴ്സ് ഇൻ തിയോളജി) പൂർത്തിയാക്കിയ ശേഷമാണ് മൂന്നര വർഷത്തെ പഠന-ഗവേഷണത്തിലൂടെ ക്രിസ്ത്യൻ എത്തിക്സിൽ ഡോക്ടറേറ്റ് നേടിയത്.
വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ പുതുശ്ശേരി ഐസക്–ഷാന്റി ദമ്പതികളുടെ മകനാണ്. ജോയൽ ഐസക് സഹോദരനാണ്.
ഡോക്ടറേറ്റ് കരസ്ഥമാക്കിയ വന്ദ്യ കൗമ റമ്പാച്ചന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പ്രാർത്ഥനാശംസകൾ.
