മുളന്തുരുത്തി ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ (എം.എസ്.ഒ.ടി)
മൂന്നു ദിവസങ്ങളിലായി സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെയും ഇന്ത്യൻ ദൈവശാസ്ത്ര അധ്യാപക സംഘടനയുടെയും (എ.ടി.ടി.ഐ) എം.എസ്.ഒ.ടി സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇന്റഗ്രേറ്റഡ് സിംപോസിയം 2026’ സമാപിച്ചു. “ദൈവസൃഷ്ടിയിൽ വേരൂന്നിയവർ: ദൈവശാസ്ത്രം, പരിസ്ഥിതി പരിരക്ഷ, ജൈവകൃഷി, ആരോഗ്യകരമായ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ മുപ്പതോളം സെമിനാരികളിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞർ, അധ്യാപകർ, വൈദികർ, ആരോഗ്യരംഗ പ്രവർത്തകർ, ജൈവകർഷകർ, വിദ്യാർഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
പരിസ്ഥിതി പ്രതിസന്ധികൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ എന്നിവയെ ആത്മീയവും പ്രായോഗികവുമായ കാഴ്ചപ്പാടിൽ സമീപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിംപോസിയം സംഘടിപ്പിച്ചത്. ദൈവവിശ്വാസം, ആരോഗ്യകരമായ ജീവിതരീതി, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മിലുള്ള അഭേദ്യബന്ധം തിരിച്ചറിയുകയും അവ സമൂഹജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത സമ്മേളനം ഊന്നിപ്പറഞ്ഞു.
എം.എസ്.ഒ.ടി സെമിനാരിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈദിക സെമിനാരി പ്രസിഡന്റ് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുകയും സിംപോസിയം വിഷയത്തിന്റെ ആനുകാലിക പ്രസക്തി വിശദീകരിക്കുകയും ചെയ്തു. സെറാംപൂർ കോളേജിന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റവ. പ്രൊഫ. ഇലുങ്കിബെ സെലിയാങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെനറ്റ് ഓഫ് സെറാംപൂർ കോളേജ് പ്രസിഡന്റും കെ.യു.ടി.എസ്. പ്രിൻസിപ്പലുമായ റവ. ഡോ. ഡേവിഡ് ജോയ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ആചാര്യ ഞാന എം. ബോണിഗല, അഡ്വ. ഡോ. പ്രകാശ് പി. തോമസ് എന്നിവർ ആശംസാപ്രസംഗം നടത്തി.
തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ദൈവശാസ്ത്രം, ആരോഗ്യകരമായ ജീവിതം, ഭക്ഷണശൈലി, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനാവതരണങ്ങളും ചർച്ചകളും നടന്നു. ഗുരുകുൾ തിയോളജിക്കൽ കോളേജിലെ ഡോ. ബാബു സി.യും, യു.ടി.സി. ബാംഗ്ലൂരിലെ റവ. ഡോ. രവേല ജീവകുമാറും പ്രധാന സെഷനുകൾക്ക് നേതൃത്വം നൽകി.
ഫാ. ഡോ. ജേക്കബ് മാത്യു, റവ. നാഗിസെട്ടി തേജസ്വി, റവ. ഹനിയേൽ ജെഫേഴ്സൺ, പ്രൊഫ. ഡോ. ആര്യ വി.എം., റവ. തെയോഫിലസ് ഞാനവാരം, റവ. ഡോ. ജയചിത്ര ലലിത, അഡ്വ. ഡോ. പ്രകാശ് പി. തോമസ്, പ്രൊഫ. ഡോ. അനീഷ് കെ. ജോയ്, റവ. ഡോ. ജോൺ ഫിലിപ്പ് അറ്റ്തറ, റവ. ഫാ. ജെറി കുര്യൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
സിംപോസിയത്തിന്റെ പ്രത്യേക ആകർഷണമായ ‘പ്രകൃതി സമ്പർക്ക’ പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ പ്രകൃതിഭംഗി, വൈവിധ്യമാർന്ന കൃഷിരീതികൾ, സമൃദ്ധമായ സാംസ്കാരിക-ആത്മീയ പൈതൃകം എന്നിവ പരിചയപ്പെടുത്തുന്ന ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു.

“മനുഷ്യനില്ലെങ്കിലും പ്രകൃതി നിലനിൽക്കും; എന്നാൽ പ്രകൃതിയില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമാണ്” എന്ന ആഴത്തിലുള്ള തിരിച്ചറിവ് സിംപോസിയം മുഴുവൻ പ്രതിഫലിച്ചു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുവാനും ഉത്തരവാദിത്വബോധത്തോടെ അതിനെ പരിചരിക്കുവാനും അതിൽ നിന്ന് ആഹരിക്കുവാനുമാണെന്ന ആത്മീയ ദർശനം സമ്മേളനത്തിന് ആഴമേകി. വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന്റെ ഫലമാണെന്ന് ഓർമിപ്പിച്ച സിംപോസിയം, ഉത്തരവാദിത്വബോധത്തോടെ പ്രകൃതിയെ സംരക്ഷിക്കുവാനും ജൈവകൃഷിയിലൂടെ വിഷരഹിതമായ ഭക്ഷണശൈലിയും ആരോഗ്യക്രമവും വീണ്ടെടുക്കുവാനുമുള്ള കൂട്ടായ ഉത്തരവാദിത്വത്തിന്റെ ഓർമപ്പെടുത്തലോടെയാണ് സമാപിച്ചത്.









