മുംബൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന ജോയിന്റ് സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുമായ ടി.എ. ജോർജുകുട്ടിയെ മഹാരാഷ്ട്ര ക്രിസ്ത്യൻ മൈനോറിറ്റി സെല്ലിന്റെ പ്രസിഡന്റായി നിയമിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഏപ്രിൽ 24 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഈ നിയമനം.
മുള്ളണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി അംഗമായ ടി.എ. ജോർജുകുട്ടി ദീർഘകാലമായി ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മേഖലകളിൽ സജീവ സാന്നിധ്യമാണ്. മികച്ച സംഘാടകനായ അദ്ദേഹം ലയൺസ് ക്ലബ് ഓഫ് താനെ സെൻട്രലിന്റെ ചാർട്ടർ പ്രസിഡന്റ്, ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ സോൺ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ താനെ വൈ.എം.സി.എ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.
മുംബൈ ഭദ്രാസനത്തിനും ക്രൈസ്തവ സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടത്തിൽ സഭാംഗങ്ങളും വിവിധ സാമൂഹിക സംഘടനകളും ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക പദവി സഭയുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പുരോഗതിക്ക് ഏറെ സഹായകമാകുമെന്ന് ഭദ്രാസന ഭാരവാഹികൾ ആശംസിച്ചു.
