വേങ്ങൂർ ● സഭയിലെ വനിതകൾ ആത്മീയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൂടുതൽ സാമൂഹിക ബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത് ഏറെ അഭിമാനകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ.
സമൂഹനന്മ ലക്ഷ്യമാക്കി വലിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തിക്കാനുള്ള മനോഭാവം സഭയിലെ വനിതാ സമാജം പ്രകടിപ്പിക്കുന്നുണ്ട്. ഇടവക ഭരണസമിതികളും കുടുംബങ്ങളും അതിന് ശക്തമായ പിന്തുണയുമായി മുന്നോട്ട് വരുന്നത് സന്തോഷകരമാണെന്നും ബാവ ചൂണ്ടിക്കാട്ടി. ഇടവക ഭരണസമിതിയും കുടുംബങ്ങളും അതിന് ശക്തമായ പിന്തുണയുമായി മുന്നോട്ട് വരുന്നത് സന്തോഷകരമാണെന്നും ബാവ ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ വേദനകളിലും ഒറ്റപ്പെടലിലും പ്രയാസങ്ങളിലും അവർക്കൊപ്പം ചേർന്നുനിൽക്കുന്ന കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതാണ് ക്രിസ്തീയ ദൗത്യനിർവ്വഹണത്തിലെ ഏറ്റവും മഹത്തായ കർമ്മമെന്നും ബാവ കൂട്ടിച്ചേർത്തു.
അഖില മലങ്കര വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രാഹം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സിജു തോമസ് ആലഞ്ചേരി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും യൂറോപ്പ് ഭദ്രാസന എക്സലൻസി അവാർഡ് വിതരണവും നിർവഹിച്ചു. വൈദികരും വിവിധ രാഷ്ട്രീയ, സംഘടന ഭാരവാഹികളും ആശംസകൾ അർപ്പിച്ചു. തുടർന്ന് സമാജ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും കലാമൽസരങ്ങളിൽ വിജയികൾക്ക് സമ്മാനദാനവും നടന്നു.
പള്ളി വികാരി ഫാ. ജോൺ ജോസഫ് പാത്തിക്കൽ, അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, അഖില മലങ്കര മർത്തമറിയം ഭാരവാഹികളായ ജനറൽ സെക്രട്ടറി ശുഭ ജോസഫ്, വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജോ. സെക്രട്ടറി ഷൈനി കുര്യൻ, ട്രഷറർ ബിന്ദു ജെറാൾഡ് എന്നിവർ നേതൃത്വം നൽകി.
മർത്തമറിയം വനിതാസമാജത്തിന്റെ വിവിധ മേഖലകളിലും യൂണിറ്റുകളിലും നിന്നായി നൂറുകണക്കിന് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.


