വേങ്ങൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനവും സമാജാംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കലും നാളെ മെയ് 9 ശനിയാഴ്ച രാവിലെ 8 മണി മുതൽ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും.
അഖില മലങ്കര വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രാഹം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സിജു തോമസ് ആലഞ്ചേരി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകും.
സന്യാസിനി സമൂഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നൽകുന്ന മിസ് കെ.കെ. മേരിക്കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസന എക്സലൻസി അവാർഡ് വിതരണം അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും നിർവഹിക്കും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അത്താനാസിയോസ് ഏലിയാസ് എന്നിവർ അനുഗ്രഹ സന്ദേങ്ങൾ നൽകും. വൈദികരും വിവിധ രാഷ്ട്രീയ, സംഘടന ഭാരവാഹികളും ആശംസകൾ അർപ്പിക്കും. തുടർന്ന് സമാജ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും കലാമൽസരങ്ങളിൽ വിജയികൾക്ക് സമ്മാനദാനവും നടക്കും.
പള്ളി വികാരി ഫാ. ജോൺ ജോസഫ് പാത്തിക്കൽ, അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, അഖില മലങ്കര മർത്തമറിയം ഭാരവാഹികളായ ജനറൽ സെക്രട്ടറി ശുഭ ജോസഫ്, വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജോ. സെക്രട്ടറി ഷൈനി കുര്യൻ, ട്രഷറർ ബിന്ദു ജെറാൾഡ് എന്നിവർ നേതൃത്വം നൽകും.
വാർഷിക സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
