മുംബൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3.30-ന് നവിമുംബൈ വിമാനത്താവളത്തിലെത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ച് നെരുൾ അരമനയിലേക്ക് ആനയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് എം., ഭദ്രാസനത്തിലെ വിവിധ വൈദീകർ, ഭദ്രാസന ഭാരവാഹികൾ, ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അരമന ചാപ്പലിലെ പ്രാർത്ഥനയ്ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തെ തുടർന്നായിരുന്നു ചുമതലയേൽക്കൽ ചടങ്ങുകൾ നടന്നത്. നാളെ ജൂൺ 7 ഞായറാഴ്ച നെരുൾ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
ജൂൺ 16 ഞായറാഴ്ച വരെ ഭദ്രാസന കൗൺസിൽ യോഗം, ഭദ്രാസന വൈദിക യോഗം, ഭക്തസംഘടനകളുടെ യോഗങ്ങൾ, ഇടവക സന്ദർശനം തുടങ്ങി ഭദ്രാസനത്തിലെ വിവിധ പരിപാടികളിൽ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പങ്കെടുക്കും.





