പുത്തൻകുരിശ് ● ദീർഘകാലം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയും, സെക്രട്ടറിയുമായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിൻ്റെ സംസ്കാര ശുശ്രൂഷ എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിലും, പരി. സഭയിലെ മെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു.
പരി. പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവായുടെ അനുശോചന കല്പന വായിക്കപ്പെട്ടു. ശ്രേഷ്ഠ ബാവായോടൊപ്പം അഭി. തോമസ് മോർ തീമോത്തിയോസ്, അഭി. മാത്യൂസ് മോർ ഈവാനിയോസ്. അഭി. യൂഹാനോൻ മോർ മിലിത്തിയോസ്, അഭി. ഗീവർഗീസ് മോർ അത്താനാസിയോസ്, അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, അഭി. മാത്യൂസ് മോർ അഫ്രേം, അഭി. പൗലോസ് മോർ ഐറേനിയോസ്, അഭി. യാക്കോബ് മോർ അന്തോണിയോസ്, അഭി. ഐസക് മോർ ഒസ്താത്തിയോസ്, അഭി. തോമസ് മോർ അലക്സന്ത്രയോസ്, അഭി. ഏലിയാസ് മോർ യൂലിയോസ്, അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ്, അഭി. മാത്യൂസ് മോർ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ച ശുശ്രൂഷയിൽ പരി. സഭയിലെ കോറെപ്പിസ്കോപ്പമാർ, ബഹു. വൈദീകർ, പരി. സഭയുടെ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു, പരി. സഭയുടെ വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ ശുശ്രൂഷയിൽ പങ്കുകൊണ്ടു. പരി. സഭയുടെ എഡ്യൂക്കേഷൻ ട്രസ്റ്റ്, ഭക്തസംഘടനകൾ എന്നിവയുടെ ഭാരവാഹികളും പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
തെക്കേത്തലയ്ക്കൽ കുടുംബം എല്ലാക്കാലത്തും പരി. സഭയോട് ചേർന്നുനിന്നിട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിൻ്റെ പിതാമഹന്മാരും, പിതാവും ഈ സഭയുടെ ഭരണ ചുമതലകൾ വഹിച്ചിരുന്നവരാണ്. ആ പാത പിൻ തുടർന്നുകൊണ്ട് 1999-ൽ അൽമായ ട്രസ്റ്റിയായും, 2012-ൽ സഭാ സെക്രട്ടറിയായും മലങ്കര അസ്സോസിയേഷൻ ശ്രീ. ജോർജ്ജ് മാത്യുവിനെ തെരഞ്ഞെടുത്തു. ശ്രേഷ്ഠ കാതോലിക്ക ഭാഗ്യസ്മരണാർഹനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വലംകൈയായി പ്രവർത്തിച്ച അദ്ദേഹം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായോടും ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു.
ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി)
പുത്തൻകുരിശ് പാത്രിയർക്കാസെന്റർ
18/05/2026
