
മൂവാറ്റുപുഴ ● വീട്ടൂർ മോർ ഗബ്രിയേൽ ദയറായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ദയറായിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടത്തപ്പെട്ടു.
തുടർന്ന് സുറിയാനി ബി2 ലെവൽ കോഴ്സിന്റെ കോൺവെക്കേഷനും ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു. അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. അനേകം വൈദീകരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവ എ.ഇ.എം. ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിട്ടൂർ ദയറായിലെ ജെറിയാട്രിക് കെയർ സെന്റർ സന്ദർശിച്ചു.

















