
മുളന്തുരുത്തി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള വരവേൽപ്പും സ്വീകരണ സമ്മേളനവും ഇന്ന് നടക്കും.
വൈകിട്ട് 4.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ മാതൃ ഇടവകയുടെ നേതൃത്വത്തിൽ മുളന്തുരുത്തി കരവട്ടെ വടക്കേ കുരിശിങ്കൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിക്കും.
ശേഷം പുനരുദ്ധാരണം നടത്തിയ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ രണ്ടാം ഘട്ടം ശ്രേഷ്ഠ ബാവ നിർവഹിക്കും. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ആശംസകൾ അർപ്പിക്കും.
മാർത്തോമൻ യാക്കോബായ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ ആദ്യ ഘട്ടം ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ ഇന്നലെ നടന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു. വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ബേസിൽ ബേബി, ഫാ. എൽദോ ആയപ്പിള്ളി, ഇടവകയിലെ വൈദികരടക്കം മറ്റു വൈദികർ, ട്രസ്റ്റിമാരായ അനിൽ ജേക്കബ് പൊനോടത്ത്. സി എം ജോയി ചേലച്ചുവട്ടിൽ, മാത്യു പറയംതടം തുടങ്ങി അനേകം വിശ്വാസികൾ സംബന്ധിച്ചു.
പ്രധാനപ്പെരുന്നാൾ ദിവസമായ ജൂലൈ 3 വ്യാഴം രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, വി. കൂദാശയുടെ മൂന്നാം ഘട്ടം, 7.45 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും വി. കുർബ്ബാന എന്നിവ നടക്കും. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.













