
തിരുവാങ്കുളം ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരുവാങ്കുളം ക്യംതാ സെമിനാരി അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രേഷ്ഠ ബാവ സന്ദേശം നൽകി. ഓരോ നിമിഷവും മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നാം നിർവഹിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ പരിസ്ഥിതി ദിനവും നൽകുന്നത്. പ്രകൃതി സംരക്ഷണം ജീവിതശൈലിയായി മാറണമെന്നും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്നും യുവജനങ്ങൾ അതിനായി പ്രവർത്തിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും ശുചീകരണ പ്രവർത്തനങ്ങളും നടന്നത്. കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ, ഫാ. അലക്സാണ്ടർ തോമസ് തിരുവനന്തപുരം, അൽമായ വൈസ് പ്രസിഡന്റ് ജിജോ ജോണി, സെക്രട്ടറി സോബിൻ യോഹന്നാൻ, ട്രഷറർ ജോബ് ഏലിയാസ്, പ്രോഗ്രാം കോർഡിനേറ്റർ എൽദോ ജോർജ്, വനിതാ സെക്രട്ടറി ആൻസാറ ജോൺസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്മോൻ കെ. ജോൺ, ഏലിയാസ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


