
പെരുവ ● കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായ്ക്ക് ജന്മദിന സമ്മാനമൊരുക്കി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജം. ഇടയൻ്റെ ജന്മദിനത്തിൽ അർഹരായ ഒരു കുടുംബത്തിന് കൂടൊരുക്കിയാണ് വനിതാ സമാജം മാതൃക കാട്ടിയത്.
പെരുവ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ അർഹരായ കുടുംബത്തിന് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. സമാജത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചു നൽകിയ നാലാമത്തെ ഭവനമാണിത്.
വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ഗീവർഗ്ഗീസ് ചെങ്ങനാട്ടുകുഴി, അഖില മലങ്കര ലേഡി വൈസ് പ്രസിഡൻ്റ് അമ്മിണി മാത്യു, ഭദ്രാസന ഭാരവാഹികളായ ലേഡി വൈസ് പ്രസിഡൻ്റ് അന്നമ്മ ജോൺ, സെക്രട്ടറി ഷിജു ലാൽ, ജോ. സെക്രട്ടറി ലില്ലി ജേക്കബ്, ട്രഷറർ ഷലോമി രാജൻ എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും വൈസ് പ്രസിഡൻ്റ് വൈദികരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.




