കടുത്തുരുത്തി ● കോട്ടയം ഭദ്രാസനത്തിലെ മുട്ടുചിറ സെന്റ് ആൻഡ്രൂസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ ആൻഡ് റിട്രീറ്റ് ഗൈഡൻസ് സെന്ററിൽ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ. ജെയ്മോൻ പുത്തൂർകുടിലിൽ കൊടിയേറ്റി. നവംബർ 24 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബ്ബാനയും വൈകിട്ട് സന്ധ്യാപ്രാർത്ഥനയും മധ്യസ്ഥപ്രാർത്ഥനയും നടന്നുവരുന്നു.
നവംബർ 29 ഞായറാഴ്ച രാവിലെ 6-ന് പ്രഭാതനമസ്കാരം, 7-ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം, 6-ന് മധ്യസ്ഥപ്രാർത്ഥന, ആശീർവാദം എന്നിവ നടക്കും.
പ്രധാന പെരുന്നാൾ ദിനമായ നവംബർ 30 തിങ്കളാഴ്ച രാവിലെ 7.15-ന് പ്രഭാതനമസ്കാരവും 8.15-ന് ഫാ. ജോസഫ് തെക്കേക്കരയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് 9-ന് മധ്യസ്ഥപ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ച, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
യേശുക്രിസ്തുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള യാക്കോബായ സുറിയാനി സഭയുടെ പ്രഥമ ദൈവാലയമെന്ന പ്രത്യേകതയും ഈ കോൺഗ്രിഗേഷൻ സെന്ററിനുണ്ട്.
വികാരി ഫാ. ജെയ്മോൻ പുത്തൂർകുടിലിൽ, ട്രസ്റ്റി കുര്യാക്കോസ് പടിഞ്ഞാറേക്കര, സെക്രട്ടറി ഡോ. എബിസൺ ഫിലിപ്പ് എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

