മണർകാട് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കും മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനുമെതിരെ ഓർത്തഡോക്സ് വിഭാഗം നേതൃത്വം നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് മണർകാട് കത്തീഡ്രൽ അങ്കണത്തിൽ നടന്ന പ്രതിഷേധ സമ്മേളനം വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് വേദിയായി. പരാമർശങ്ങൾ പിൻവലിച്ച് പൊതുസമൂഹത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.
വിദ്വേഷപരമായ പ്രസ്താവനകൾ നടത്തുന്നവർക്കായി ക്ഷമയോടെ പ്രാർത്ഥിക്കണമെന്നും പ്രതിസന്ധികളെ അതിജീവിച്ച് സഭ മുന്നോട്ടുപോകുമെന്നും കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രതിഷേധ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം, വിശുദ്ധ മൂറോൻ കൂദാശ, മണർകാട് കത്തീഡ്രലിലെ വിശുദ്ധ കുർബ്ബാന എന്നിവയുൾപ്പെടെ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അഞ്ച് ദിവസത്തെ മലങ്കര സന്ദർശനം ചരിത്രസംഭവമായിരുന്നുവെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു. സന്ദർശനത്തിലുടനീളം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് പാത്രിയർക്കീസ് ബാവ നൽകിയതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഒരു ക്രൈസ്തവ മേലധ്യക്ഷനിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഷയാണ് ഓർത്തഡോക്സ് വിഭാഗം അധ്യക്ഷനിൽനിന്ന് ഉണ്ടായതെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രതിഷേധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവാലയങ്ങൾ ഏതെങ്കിലും വ്യക്തിയുടെയോ അധികാരിയുടെയോ സ്വകാര്യ സ്വത്തല്ലെന്നും വിശ്വാസികൾ കഷ്ടപ്പെട്ട് നിർമിച്ച ദൈവാലയങ്ങൾ ഇടവകക്കാരുടേതാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനമെന്ന സുവിശേഷവാക്യം ഓർമിപ്പിച്ച മെത്രാപ്പോലീത്ത, അറുപതോളം പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികളുടെ വേദനയാണ് യഥാർഥത്തിൽ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞു.
മതേതര സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും സഭാതർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തി നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സഭയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ച വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മണർകാട് സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളിയ കാര്യം ചൂണ്ടിക്കാട്ടി. 2017 ജൂലൈ മൂന്നിലെ വിധി കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ മൂന്ന് പള്ളികൾക്കു മാത്രമാണ് ബാധകമെന്ന് 2026 മാർച്ച് 24-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംരക്ഷണത്തോടെ പള്ളികൾ പിടിച്ചെടുക്കുന്നത് നീതിയല്ലെന്ന കോടതി നിലപാടും അദ്ദേഹം വിശദീകരിച്ചു.
തർക്കമുള്ള പള്ളികളിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ഹിതപരിശോധന നടത്തണമെന്നും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും നീതി ഉറപ്പാക്കുന്ന നടപടികൾക്ക് കേരള സർക്കാർ മുൻകൈയെടുക്കണമെന്നും ഫാ. റോയി ജോർജ് കട്ടച്ചിറ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി സഹവികാരി ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിലിന്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞയെടുത്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവായോടും ഇടവക മെത്രാപ്പോലീത്തയോടുമുള്ള അചഞ്ചലമായ കൂറും വിശ്വാസവും പ്രതിജ്ഞയിലൂടെ ആവർത്തിച്ചുറപ്പിച്ചു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കും മണർകാട് കത്തീഡ്രലിനുമെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് പൊതുസമൂഹത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധ പ്രമേയം കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, വികാരി കെ. കുരിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തിന്റെ അനുമതിയോടെ അവതരിപ്പിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മണർകാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗം അധ്യക്ഷനും വൈദിക ട്രസ്റ്റിയും നടത്തിയ പദപ്രയോഗങ്ങൾ പദവിക്ക് നിരക്കാത്തതും അപലപനീയവുമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സഹവികാരിമാരായ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ, ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ, കത്തീഡ്രൽ ട്രസ്റ്റി ഇ.വി. കുരിയാക്കോസ് ഇടച്ചേരിൽ എന്നിവർ പ്രസംഗിച്ചു.













