മൂവാറ്റുപുഴ ● പുണ്യപുരാതനമായ കാരക്കുന്നം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 727-ാമത് ശിലാസ്ഥാപന പെരുന്നാളിന് (വൃശ്ചികം 15 തമുക്ക് പെരുന്നാൾ) ഭക്തിനിർഭരമായ തുടക്കമായി. പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളും മോർ കുര്യാക്കോസ് സഹദാ, മോർ ഗീവർഗീസ് സഹദാ, മോർ ശ്മുയേൽ കാദീശെ എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചതിന്റെ ഓർമ്മയും സംയുക്തമായാണ് പെരുന്നാൾ ആഘോഷിക്കുന്നത്. നവീകരിച്ച ദൈവാലയത്തിന്റെ കൂദാശ ഇന്ന് (നവംബർ 27) ഭക്തിനിർഭരമായ ശുശ്രൂഷകളോടെ നടക്കും.
നവംബർ 22 ഞായറാഴ്ച വികാരി ഫാ. ശിതിൻ രാജു പണ്ടാരക്കുന്നേലിന്റെ കാർമികത്വത്തിൽ കൊടിയേറിയതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. നവംബർ 22 മുതൽ എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാപ്രാർത്ഥനയും നടന്നു.
ഇന്ന് (നവംബർ 27 വെള്ളി) രാവിലെ 6.30-ന്
പ്രഭാത പ്രാർത്ഥനയും 7-ന് ഫാ. പൗലോസ് മംഗലത്ത് കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. ഉച്ചകഴിഞ്ഞ് 3-ന് പള്ളിസാധനങ്ങൾ മേമ്പൂട്ടിൽ നിന്ന് ആഘോഷപൂർവം ദൈവാലയത്തിലേക്ക് കൊണ്ടുവരും. വൈകിട്ട് 6-ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തിമോത്തിയോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ എന്നിവർക്ക് സ്വീകരണം നൽകും. 6.30-ന് സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം നവീകരിച്ച ദൈവാലയത്തിന്റെ കൂദാശ നടക്കും. 8.30-ന് പ്രദക്ഷിണവും ആശിർവാദവും നടക്കും.
നാളെ (നവംബർ 28 ശനി) രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയും 8.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ഗ്രിഗോറിയസ് ഗബ്രിയേൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് താഴെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, 11.30-ന് തമുക്ക് നേർച്ച വിളമ്പ്,
പള്ളിസാധനങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് തിരികെ എഴുന്നള്ളിപ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
എ.ഡി. പതിനാലാം നൂറ്റാണ്ടിൽ കൊല്ലവർഷം 475-ാം ആണ്ട് വൃശ്ചികം പത്തിന് പരിശുദ്ധ ദൈവമാതാവായ കന്യക മറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായ കാരക്കുന്നം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യവും ആത്മീയചരിത്രവും പേറുന്ന പുണ്യപുരാതന ദൈവാലയമാണ്.
പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. ശിതിൻ രാജു പണ്ടാരക്കുന്നേൽ, സഹവികാരി ഫാ. എൽദോസ് പാറയ്ക്കൽ പുത്തൻപുര, ട്രസ്റ്റിമാരായ കെ.ഇ. മാത്തച്ചൻ കൊട്ടുപിള്ളിൽ, എം.സി. ജോൺ മാർക്കരയിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

