പുത്തൻകുരിശ് ● ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ആർ.ഡി.ഒ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കി മറിച്ചൊരു തീരുമാനമെടുത്ത നടപടിയിൽ വൻ അട്ടിമറിയും സമ്മർദവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് യാക്കോബായ സുറിയാനി സഭ ശക്തമായി സംശയിക്കുന്നതായി മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും നിയമവശങ്ങളും, വസ്തുവിന്റെ ആധാരവും കരമടച്ച രസീതുകളും ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും യാക്കോബായ സുറിയാനി സഭയുടേതാണെന്ന് വ്യക്തമായിരിക്കെയാണ് ആർ.ഡി.ഒ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായപ്പോൾ ഇരുവിഭാഗങ്ങളെയും നേരിൽ കേൾക്കുകയും രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്ത ശേഷം ഇട്ട ഉത്തരവാണ് അസാധാരണ വേഗതയിൽ അട്ടിമറിക്കപ്പെട്ടത്.
ബഹു. മുഖ്യമന്ത്രി കോട്ടയം ദേവലോകം അരമന സന്ദർശിച്ചതിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനുള്ളിൽ ഉത്തരവ് റദ്ദാക്കിയതിൽ അതീവ ദുരൂഹതയുളവാക്കുന്നതാണ്. മുൻകാലങ്ങളിലേതുപോലെ കോടതി വിധികളുടെ മറവിൽ ദൈവാലയങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാൻ സാധിക്കുകയില്ലെന്ന് ഓർത്തവിഭാഗം മനസ്സിലാക്കിയ സാഹചര്യത്തിലാണ്
സമ്മർദ തന്ത്രത്തിലൂടെ ഇത്തരം അട്ടിമറി നീക്കങ്ങൾ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ആർ.ഡി.ഒ ഉത്തരവിനെ മറികടക്കാൻ ഇടപെട്ട ആ ‘ഉന്നതതലം’ ഏതാണെന്ന് വ്യക്തമായി വെളിപ്പെടുത്തണമെന്ന് സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വേദിയിൽ വെച്ച് ചില മന്ത്രിമാരും ജനപ്രതിനിധികളും നടത്തിയ പരസ്യ പ്രസ്താവനകളോ മറ്റേതെങ്കിലും ബാഹ്യ സമ്മർദങ്ങളോ ഈ തീരുമാനത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്.
സഭാതർക്കം സമാധാനപരമായി പരിഹരിക്കാൻ ബഹു. മുഖ്യമന്ത്രിയും സർക്കാരും നടത്തുന്ന ശ്രമങ്ങൾക്ക് യാക്കോബായ സുറിയാനി സഭ പൂർണ്ണ പിന്തുണ നൽകി സഹകരിച്ചുവരികയാണ്. ഇതിനിടെയുണ്ടായ ഇത്തരം നടപടികൾ സഭയ്ക്ക് സർക്കാരിലുള്ള വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതാണെന്നും, സമ്മർദ തന്ത്രങ്ങളിലൂടെ സമാധാന ശ്രമങ്ങളെ അട്ടിമറിച്ച് സഭയുടെ സ്വത്തുക്കളും ദൈവാലയങ്ങളും കൈക്കലാക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്ന സംശയവും വലിയ ആശങ്കയും സഭാവിശ്വാസികളിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
ആർ.ഡി.ഒ ഉത്തരവ് റദ്ദാക്കിയ നടപടിയിൽ സഭയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ നീതിപൂർവവും നിഷ്പക്ഷവും ഉത്തരവാദിത്വപൂർവവുമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെല്‍ ചെയര്മാന്)
പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്റര്‍
25/11/2026

